Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

റഹീം കേസ് നാളെ വീണ്ടും കോടതിയില്‍; പരിഗണിക്കുന്നത് പതിനൊന്നാം തവണ

റിയാദ്: ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം സംബന്ധിച്ച കേസ് നാളെ റിയാദ് ക്രിമിനല്‍ കോടതി പരിഗണിക്കും. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ റദ്ദാക്കിയതിന് ശേഷം പതിനൊന്നാം തവണയാണ് കേസ് പരിഗണിയ്ക്കുന്നത്. പലകാരണങ്ങളെ തുടര്‍ന്ന കേസ് മാറ്റിവെച്ച സാഹചര്യത്തില്‍ കഴിഞ്ഞ സിറ്റിംഗില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി തളളിയിരുന്നു. കേസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ രേഖാ മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടാണ് കേസ് മാറ്റിവെച്ചത്. മാത്രമല്ല, റിയാദ് ഗവര്‍ണറേറ്റില്‍ നിന്ന് രേഖകള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സൗദിയില്‍ പെരുന്നാള്‍ അവധി തുടങ്ങുന്നതിനു മുമ്പു സാധ്യമായ അനന്തര നടപടികള്‍ സ്വീകരിച്ചതായി റഹീമിന്റെ കുടുംബത്തിന്റെ പവ്വര്‍ ഓഫ് അറ്റോണി സിദ്ദീഖ് തുവ്വൂര്‍ അറിയിച്ചിരുന്നു. കോടതി ഗവര്‍ണറേറ്റില്‍ നിന്ന് ആവശ്യപ്പെട്ട ഫയല്‍ കോടതിയിലേക്ക് പോയിട്ടുണ്ടെന്നാണ് വിവരം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടുതന്നെ നാളത്തെ കോടതി സിറ്റിംഗ് ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ പബഌക് റൈറ്റ് പ്രകാരം വിചാരണ നേരിടുകയാണ് അബ്ദുല്‍ റഹീം. ഫെബ്രുവരി 3ന് കേസ് പരിഗണിച്ച റിയാദ് ക്രിമിനല്‍ കോടതി കേസ് സൂക്ഷ്മ പരിശോധന നടത്തുന്നതിന് ഡിവിഷന്‍ ബഞ്ച് പരിഗണിക്കണം എന്ന് നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് റിയാദ് ക്രിമിനല്‍ കോടതിയിലെ ഡിവിഷന്‍ ബഞ്ച് റഹീമിന്റെ മോചനം സംബന്ധിച്ച് കേസ് പരിഗണിച്ചത്. എന്നാല്‍ അബ്ദുല്‍ റഹീമും പ്രോസിക്യൂഷനും സമര്‍പ്പിച്ച രേഖകളും മൊഴികളും കൂടുതല്‍ വിശകലനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസ് മാറ്റി.

കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന റഹീമിന് 34 കോടി ദിയാധനം സ്വീകരിച്ച് മരിച്ച ബാലന്‍ അനസ് അല്‍ ശഹ്‌രിയുടെ കുടുംബം മാപ്പ് നല്‍കിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. കുടുംബം മാപ്പ് നല്‍കിയത് പരിഗണിച്ച് ജൂലൈ രണ്ടിന് കോടതി വധശിക്ഷ റദ്ദാക്കി. പബ്ലിക് റൈറ്റ്‌സ് അനുസരിച്ചുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ കോടതിയില്‍ പുരോഗമിക്കുന്നത്. ഇത് അനുസരിച്ച് ഒക്ടോബര്‍ 21 മോചന ഹര്‍ജി പരിഗണിച്ച ബഞ്ച്, വധശിക്ഷ റദ്ദാക്കിയ ബഞ്ച് തന്നെ കേസില്‍ വിധി പറയണമെന്ന് ചൂണ്ടിക്കാട്ടി കേസ് മാറ്റിവെച്ചിരുന്നു.

നവംബര്‍ 17ന് ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്റെ സത്യവാങ്മൂലം വിശദമായി പഠിക്കണമെന്ന് പറഞ്ഞ് കേസ് മാറ്റി. ഡിസംബര്‍ എട്ടിന് പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ട കോടതി വിധി പറയാന്‍ കേസ് ഡിസംബര്‍ പന്ത്രണ്ടിലേക്ക് മാറ്റിയെങ്കിലും അന്നും വിധിയുണ്ടായില്ല. സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണിതെന്നായിരുന്നു റഹിം നിയമസഹായ സമിതി അറിയിച്ചത്.

2006ല്‍ഡ്രൈവറായി ജോലി ലഭിച്ച് ഒരു മാസം തികയും മുന്‍പാണ് കൊലപാതകകേസില്‍ അകപ്പെട്ട് അബ്ദുറഹീം ജയിലാകുന്നത്. വധശിക്ഷ റദ്ദാക്കിയശേഷം ഉമ്മയും സഹോദരനും അമ്മാവനും റിയാദ് ജയിലിലെത്തി റഹിമിനെ നേരില്‍കണ്ടിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top