റിയാദ്: വന്ദേഭാരത് മിഷന്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി എയര്‍ ഇന്ത്യയുടെ ഇരുട്ടടി. സൗദിയില്‍ നിന്നു ഇന്ത്യയിലേക്ക് ജൂണ്‍ 10 മുതല്‍ ആരംഭിക്കുന്ന വിമാന സര്‍വീസുകളിലെ നിരക്കാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം വരെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നു ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് ഈടാക്കിയിരുന്ന നിരക്കിന്റെ ഇരട്ടിയാണ് ഇപ്പോള്‍ ഈടാക്കുന്നത്. റിയാദ് കോഴിക്കോട് സെക്ടറില്‍ 1732 റിയാലാണ് ഇന്നലെ ഈടാക്കിയത്. ദമാമില്‍ നിന്നു കണ്ണൂരിലേക്ക് 1773 റിയാലും കൊച്ചിയിലേക്ക് 1700 റിയലുമാണ് പുതിയ നിരക്ക്. കൊച്ചിയിലേക്ക് നേരത്തെ ഉണ്ടായ നിരക്ക് 900റിയാലായിരുന്നു.
യാത്രാ നിരക്ക് വര്‍ധിപ്പിച്ചത് നേരുത്തെ അറിയിച്ചിരുന്നില്ല. ഇതുവരെ വന്ദേ ഭാരത് യാത്രയുടെ ഷെഡ്യൂളും ടിക്കറ്റ് നിരക്കും ഇന്ത്യന്‍ എംബസി പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇന്നലെ ടിക്കറ്റ് എടുക്കാന്‍ എയര്‍ ഇന്ത്യ ഓഫിസില്‍ എത്തിയപ്പോഴാണ് നിരക്ക് വര്‍ധന അറിയുന്നത്. ഇതോടെ മതിയായ പണമില്ലാതെ ദുരിതത്തിലായവരെയും എയര്‍ ഇന്ത്യ ഓഫീസിന് മുമ്പില്‍ കാണാമായിരുന്നു. അമിത നിരക്കിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.