
റിയാദ്: സൗദിയിലെ പളളികള്‍ കേന്ദ്രീകരിച്ച് കൊവിഡ് ബോധവത്ക്കരണ പരിപാടി ആരംഭിച്ചു. ആരോഗ്യ മന്ത്രാലയം, ഇസ്‌ലാമിക കാര്യ മന്ത്രാലയം എന്നിവ സംയുക്തമായാണ് ബോധവത്ക്കരണം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട പളളികള്‍ വീണ്ടും തുറന്നതോടെയാണ് വിശ്വാസികള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തുന്നതിന് പളളികള്‍ കേന്ദ്രീകരിച്ച് കാമ്പയിന്‍ നടത്തുന്നത്. പരിശീലനം നേടിയ 1500 വളന്റിയര്‍മാര്‍ 250 പളളികളിലെത്തിയവര്‍ക്ക് മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തു. ഇതിനു പുറമെ തെര്‍മല്‍ സ്‌കാനിംഗ് നടത്തുകയും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. പ്രധാനമായും പ്രാര്‍ത്ഥനക്കെത്തുന്നവര്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളാണ് വിശ്വാസികള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തുന്നത്.
രണ്ടു മാസം അടച്ചിട്ടിരുന്ന രാജ്യത്തെ പളളികള്‍ മുഴുവന്‍ അണുവിമുക്തമാക്കിയതിന് ശേഷമാണ് വീണ്ടും തുറന്നു കൊടുത്തത്. അടുത്ത ആറ് ആഴ്ച വളന്റിയര്‍മാര്‍ പളളികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. 4000 വളന്റിയര്‍മാരെ രാജ്യത്തെ 20 നഗരങ്ങളിലുളള പളളികളില്‍ ബോധവത്ക്കരണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തെയും കാള്‍ ആന്റ് ഗൈഡന്‍സ് സെന്ററുകളുടെ നേതൃത്വത്തില്‍ വിദേശികളായ പ്രബോധകരും ബോധവത്ക്കരണ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
