
റിയാദ്: രണ്ടു മാസത്തിന് ശേഷം സൗദിയില്‍ ആരാധനക്കായി തുറന്ന മസ്ജിദുകളില്‍ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. രണ്ടു ദിവസത്തിനിടെ 643 പ്രോട്ടോകോള്‍ ലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
മസ്ജിദുകളില്‍ കൊവിഡ് പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പും ഇസ്‌ലാമിക കാര്യ മന്ത്രാലയവും മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇത് നിരീക്ഷിക്കുന്നതിനുളള കേന്ദ്രീകൃത കോള്‍ സെന്ററില്‍ 1,026 സന്ദേശങ്ങളാണ് രണ്ട് ദിവസത്തിനകം ലഭിച്ചത്. ഇത് പരിശോധിച്ചതില്‍ നിന്ന് 643 കൊവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി.
മസ്ജിദുകളില്‍ തിരക്ക് അനുഭവപ്പെടുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, ഫെയ്‌സ് മാസ്‌കുകള്‍ ധരിക്കാതിരിക്കുക, സാനിറ്റൈസറുകള്‍ ലഭ്യമല്ലാത്ത സാഹചര്യം, വാതിലുകളും ജനാലകളും തുറക്കാതിരിക്കുക, നിശ്ചിത സമയത്തിനകം മസ്ജിദുകള്‍ അടക്കാതിരിക്കുക, പ്രാര്‍ത്ഥനയ്ക്കുള്ള ആഹ്വാനമായ ബാങ്ക് വിളിക്കു ശേഷം 10 മിനിറ്റിനകം നമസ്‌കാരം ആരംഭിക്കാതിരിക്കുക തുടങ്ങിയ ലംഘനങ്ങളാണ് കണ്ടെത്തിയത്. മാര്‍ഗ നിര്‍ദേശം ലംഘിച്ച 383 എണ്ണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍കരുതലല്‍ സംബന്ധിച്ച് നിരവധി നിര്‍ദ്ദേശങ്ങളും കോള്‍ സെന്ററില്‍ ലഭിച്ചു. ഇതിനു പുറമെ ചെറിയ പള്ളികളില്‍ ജുമുഅ പ്രാര്‍ത്ഥന ആവശ്യപ്പെടുന്ന അഭ്യര്‍ഥനകള്‍ ലഭിച്ചതായും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
