റിയാദ്: ഐഎഎസുകാര്‍ പുതിയ ആശയങ്ങള്‍ കൊണ്ടുവരുന്നതില്‍ പിന്നോട്ട് പോയതായി സംശയിക്കുന്നുവെന്ന മുന്‍ കേന്ദ്രസഹമന്ത്രിയും എംപിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പാര്‍ട്ടി ഓഫീസില്‍ പോകുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. ഐഎഎസുകാരുടെ നട്ടെല്ലിന് എന്തു പറ്റിയെന്ന സംശയം ഉയരുകയാണ്. ഗ്ലോബല്‍ മലയാളി മീഡിയ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തില്‍ വോട്ട് ചെയ്തവരാണ് രാജാക്കന്മാര്. ജനസമ്പര്‍ക്കത്തിന്റെ ആശയം കൊണ്ടുവന്നത് 80 വയസുള്ള ഒരു അമ്മയാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേട്ട് പ്രവര്‍ത്തിക്കുന്നവരാകണം ജനപ്രതിനിധികള്‍. രാഷ്ട്രീയപ്രവര്‍ത്തകരുടെ ആശയങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. കൊവിഡ് കാലത്ത് ഏറ്റവും അധികം പ്രയാസം അനുഭവിച്ച് ജോലി ചെയ്യുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനമാണ് അവരുടേത്. പ്രിന്റ്, വിഷ്വല്‍ മീഡിയയുടെ നിലവിലെ സ്ഥിതി പരിതാപകരമാണ്. പരസ്യത്തിന്റെ കുറവ് വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ടെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി.
ലാഭമുണ്ടാക്കിയിരുന്ന പ്രസ്ഥാനങ്ങള്‍ പലതും ഇന്ന് നഷ്ടത്തിലാണ്. വലിയ രീതിയില്‍ ലാഭം നേടിയെടുത്ത മാധ്യമസ്ഥാപനങ്ങള്‍ പോലും കൊവിഡ് കാലത്ത് പ്രതിസന്ധി് നേരിടുന്നു. സര്‍ക്കാരും പരസ്യങ്ങള്‍ കുറയ്ക്കുന്നു. അതുപോലെ തന്നെ പത്രങ്ങളുടെ സര്‍ക്കുലേഷനും ഗണ്യമായി കുറഞ്ഞുവരുന്നു. ജോര്‍ജ് കള്ളിവയലില്‍ അധ്യക്ഷത വഹിച്ചു. സുബിത സുകുമാര്‍ മോഡറേറ്ററായിരുന്നു. ജോര്‍ജ് കാക്കനാട്ട് ആമുഖപ്രസംഗം നടത്തി. അനില്‍ അടൂര്‍ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. ഫൈസല്‍ അബൂബക്കര്‍ പൊന്നാനി സ്വാഗതവും സുബി സജിന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.