
റിയാദ്: ഹൂറൂബില്‍ കുടുങ്ങിയവര്‍ക്ക് ആറു മാസം പൊതുമാപ്പ്തൊഴിലാളി ഒളിച്ചോടിയതായി സ്‌പോണ്‍സര്‍ റിപ്പോര്‍ട്ട് ചെയ്ത ഹുറൂബ് കാറ്റഗറിയില്‍ ഉള്‍പ്പെട്ട വിദേശികള്‍ക്ക് പൊതുമപ്പ് പ്രഖ്യാപിച്ച് സൗദി അറേബ്യ. ഹുറൂബ് പിന്‍വലിച്ച് പുതിയ തൊഴിലുടമയെ കണ്ടെത്തി സ്‌പോണ്‍സര്‍ഷിപ് മാറാന്‍ 2025 മെയ് 27 മുതല്‍ അനുമതി നല്‍കി. നേരത്തെ ഹൗസ് ഡ്രൈവര്‍, വീട്ടുവേലക്കാര്‍ തുടങ്ങി ഗാര്‍ഹിക തൊഴിലാളികള്‍ക്കു മാത്രമാണ് ആനുകൂല്യം നല്‍കിയിരുഞത്. ഹൂറുബ് പട്ടികയിലുളളവര്‍ ആറുമാസത്തിനകം പദവി ശരിയാക്കണമെന്നും അധികൃതര്‍ പറഞ്ഞു.

മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയത്തിന്റെ ഖിവ പ്ലാറ്റ്‌ഫോമില്‍നിന്ന് ഹൂറൂബായവരുടെ മൊബൈല്‍ ഫോണില്‍ ഇതുസംബന്ധിച്ച സന്ദേശം വന്നു തുടങ്ങി. സ്‌പോണ്‍സര്‍ഷിപ് മാറുന്നതോടെ ഹുറൂബ് പട്ടികയില്‍ നിന്ന് ഒഴിവാകും. ഇഖാമ പുതുക്കുകയും ചെയ്യാം.

തൊഴിലുടമ തൊഴിലാളിയുടെ തൊഴില്‍ കരാര്‍ റദ്ദാക്കി രണ്ടു മാസത്തിനകം സ്‌പോണ്‍സര്‍ഷിപ്പ് മാറണം. അല്ലെങ്കില്‍ ഫൈനല്‍ എക്‌സിറ്റ് വീസയില്‍ രാജ്യം വിടണം. തൊഴിലാളികളെ നേരിട്ട് ഹുറൂബ് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സ്‌പോണ്‍സര്‍മാര്‍ക്ക് സാധ്യമല്ല. പകരം ഖിവ പ്ലാറ്റ്‌ഫോമിലെ തൊഴില്‍ കരാര്‍ റദ്ദാക്കുന്നതോടെ ഹുറൂബ് പട്ടികയില്‍ ഉള്‍പ്പെടും.

ഇങ്ങനെ കരാര്‍ റദ്ദാകുന്ന തൊഴിലാളികള്‍ക്ക് 60 ദിവസത്തിനകം പുതിയ തൊഴിലുടമയെ കണ്ടെത്തുകയോ രാജ്യം വിടുകയോ ചെയ്യാം. ഈ ആനുകൂല്യം പ്രയോജനപ്പെടുത്താതെ രാജ്യത്തു തുടരുന്ന വിദേശ തൊഴിലാളികളെ നിയമ ലംഘകരായി കണക്കാക്കും. മാത്രമല്ല, തൊഴിലുടമയില്‍ നിന്നു ഒളിച്ചോടിയതായി പരിഗണിച്ച് ഹുറൂബിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.






