
റിയാദ്: തൊഴിലുടമയില്‍ നിന്നു ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്ത ‘ഹുറൂബ്’ കാറ്റഗറിയില്‍പെട്ട ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പദവി ശരിയാക്കാന്‍ ആറു മാസം സമയം അനുവദിച്ചതായി സൗദി മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. മുസാനാദ് വെബ് പോര്‍ട്ടല്‍ വഴി പുതിയ തൊഴിലുടമയ്ക്ക് ഹുറൂബ് പട്ടികയില്‍ ഉള്‍പ്പെട്ടവരെ തൊഴിലാളികളായി നിയമിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

മലയാളി ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ നിയമ ലംഘകരായി കഴിയുന്ന നൂറുകണക്കിന് വിദേശികള്‍ക്ക് അനുഗ്രഹമാണ് പദവി ശരിയാക്കാനുളള അവസരം. ഹൂറൂബിന്റെ പട്ടികയിഫ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്ക് ഇഖാമ പുതുക്കാനും രാജ്യം വിടാനും അനുമതിയില്ല. ആറുമാസം നീണ്ടു നില്‍ക്കുന്ന ഇളവു അനുവദിച്ചതോടെ പുതിയ തൊഴിലുടമയെ കണ്ടെത്തി ഇഖാമ പുതുക്കി നിയമ വിധേയമായി രാജ്യത്ത് തൊഴില്‍ തുടരാന്‍ കഴിയും.

ഹൗസ്‌ഡ്രൈവര്‍, വീട്ടുജോലിക്കാര്‍, വീട്ടുകാവല്‍ക്കാര്‍ തുടങ്ങി മുസാനിദ് പോര്‍ട്ടലിലുളള 13 ഗാര്‍ഗിക തൊഴില്‍ വിഭാഗങ്ങളിലുളളവര്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച ആനുകൂല്യം ലഭിക്കും. അതേസമയം, ഗാര്‍ഹികേതര തൊഴില്‍ വിഭാഗങ്ങളിലുളള ഹൂറൂബ് പട്ടികയിലുളളവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറി നിയമ വിധേയമാകാന്‍ കഴിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഹുറൂബ് നീക്കുന്നതിന് തൊഴിലാളികള്‍ ആദ്യം പുതിയ തൊഴിലുടമയെ കണ്ടെത്തണം. തൊഴിലുടമ മുസാനിദ് വഴി സ്‌പോണ്‍സര്‍ഷിപ് മാറ്റത്തിന് അപേക്ഷ സമര്‍പ്പിക്കുകയും തൊഴിലാളി അതു അംഗീകരിക്കുകയും വേണം. തുടര്‍ന്ന് തൊഴിലുടമ അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ഹൂറൂബ് പട്ടികയില്‍ ഉള്‍പ്പെട്ടവരെ നിയമ വിധേയമാക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍വഴിയാണെന്നും മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.