ഹൂതി തടവിലായ സൗദി ഭടന്‍മാരെ മോചിപ്പിച്ചു; റിയാദില്‍ ഊഷ്മള വരവേല്പ്

റിയാദ്: യമനില്‍ ഹൂതികള്‍ ബന്ദികളാക്കിയ സൗദി ഭടന്‍മാരെ മോചിപ്പിച്ചു. യമനിലെ ഔദ്യോഗിക സര്‍ക്കാരും ഹൂതികളും ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് സഖ്യ സേനയുടെ ഭാഗമായ സൈനികരെ മോചിപ്പിച്ചത്. റിയാദിലെത്തിയ സൈനികര്‍ക്ക് ഊഷ്മള വരവേല്പാണ് എയര്‍പോര്‍ട്ടില്‍ ഒരുക്കിയത്.

അറബ് സഖ്യസേനയുടെ ഭാഗമായിരുന്ന സുഡാന്‍, സൗദി സൈനികരെയാണ് ഇന്ന് മോചിപ്പിച്ചത്. സൗദിയുടെ 16 സൈനികരും സുഡാന്റെ മൂന്ന് സൈനികരെയുംമോചിപ്പിച്ചു. ഇവരെ യമന്‍ തലസ്ഥാനമായ സന്‍അയില്‍ നിന്ന് റെഡ് ക്രോസ് വിമാനത്തില്‍ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചു.

റിയാദിലെത്തിയ സൈനികര്‍ക്ക് എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ഫയാദ് അല്‍ റുവൈലി, സംയുക്ത സേനാ കമാണ്ടര്‍ ജനറല്‍ മത്‌ലഖ് അല്‍ അസൈമിഅ്, നാഷണല്‍ ഗാര്‍ഡ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ഖഹ്താനി, റിയാദിലെ സുഡാന്‍ എംബസി ഡിഫന്‍സ് അറ്റാഷെ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ശിര്‍ തുടങ്ങിയ പ്രമുഖര്‍ സൈനികരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

സൈനികരുടെ മോചനത്തിനു പകരം 250 ഹൂതികളെ സൗദി അറേബ്യ വിട്ടയച്ചു. ഇവര്‍ അബഹയില്‍ നിന്നു രണ്ടു പ്രത്യേക വിമാനങ്ങളില്‍ സനഅയിലേക്ക് മടങ്ങി.

Leave a Reply