റിയാദ്: ക്രിസ്ത്യൻ സമൂഹത്തിന്റെ രക്ഷകന്‍മാരായി വേഷംകെട്ടിവരുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കുളം കലക്കി മീന്‍ പിടിയ്ക്കുന്നവരാണ് ബിജെപി. മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാണ്. വഖഫ് ഭൂമിയാണെങ്കിലും ദേവസ്വം സ്വത്താണെങ്കിലും അവിടെ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാരിന്റെയും മുന്നണിയുടെയും നിലപാട്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടുകയാണ്. ലോകത്ത് എല്ലായിടത്തും ഇതു ചര്‍ച്ചയാവുകയാണെന്നും അദ്ദേഹം റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇരുട്ട് പടരുകയാണ്. പണക്കാര്‍ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു. വര്‍ഗീയ ഭ്രാന്താണ് സര്‍ക്കാരിനെ സ്വാധീനിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും ഹിന്ദുത്വ വര്‍ഗീയ ഭ്രാന്തിന് അടിമപ്പെട്ടിരിക്കുന്നു. ഫാസിസത്തിന്റെ ഇന്ത്യന്‍ പേരാണ് ഹിന്ദുത്വ വര്‍ഗീയത. ഏതൊക്കെ പളളി പൊളിക്കണമെന്ന ഗവേഷണത്തിലാണ് രാജ്യം ഭരിക്കുന്ന കക്ഷികള്‍. പളളികള്‍ പൊളിച്ചു നീക്കാന്‍ സര്‍വ്വേ നടത്താനുളള നീക്കവും നടക്കുന്നു. കാശിയും മധുരയും മാത്രമല്ല 3000 പളളികളെങ്കിലും പൊളിക്കണം എന്നു ചിന്തിക്കുന്നവരാണ് ഭരിക്കുന്നത്. രാജ്യത്ത് വര്‍ഷിപ് ആക്ട് നിലവിലുണ്ട്. 1947 ആഗസ്ത് 15 വരെയുളളത് അങ്ങനെ നിലനിര്‍ത്തണം. എന്നാല്‍ പരിശോധിക്കുന്നത് തെറ്റില്ലെന്ന് പറയുന്ന ചീഫ് ജസ്റ്റിസ് നീതിയുടെ കാവല്‍ക്കാരനല്ലെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
മുന്നണിയില്‍ വ്യത്യസ്ഥ പാര്‍ട്ടികളാകുമ്പോള്‍ എല്ലാ വിഷയങ്ങളിലും ഏകാഭിപ്രായം ഉണ്ടാകണമെന്നില്ല. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും കൂട്ടിയിണക്കുന്ന രാഷ്ട്രീയ അടിത്തറയാണ് എല്‍ഡിഎഫിനുളളത്. മുന്നണിയുടെ അടിസ്ഥാന പ്രമാണം ചതിക്കാതിരിക്കലാണ്. അകത്തും പുറത്തും വിമര്‍ശനം ഉന്നയിക്കും. ഇതു മുന്നണിയെ ദുര്‍ബലപ്പെടുത്താനല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
റിയാദിലും ദമ്മാമിലും നടക്കുന്ന ന്യൂ ഏജ് ഇന്ത്യാ സാംസ്‌കാരിക വേദിയുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് ബിനോയ് വിശ്വം സൗദിയിലെത്തിയത്. സിപിഐ അസി. സെക്രട്ടറി സത്യന്‍ മേകേരി, ജോസഫ് അതിരുങ്കല്‍, എം സാലി പൂരയില്‍, അഷ്‌റഫ് മൂവാറ്റുപുഴ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.