ലോകത്തെ ആദ്യ അഞ്ചു വെല്ലുവിളികളിലൊന്ന് സൈബര്‍ സുരക്ഷയാണ്. നിര്‍മ്മിത ബുദ്ധി വ്യാപകമായതോടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ 40 ശതമാനത്തിലധികം വര്‍ധിച്ചു. മനുഷ്യന്‍ ഇടപെടുന്ന മുഴുവന്‍ മേഖലയിലും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും ഓപ്പറേഷന്‍ ടെക്‌നോളജിയും ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളായി മാറി. അതുകൊണ്ടുതന്നെ സൈബര്‍ സുരക്ഷയുടെ ഉത്തരവാദിത്തങ്ങളും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് രാജ്യാന്തര സൈബര്‍ സുരക്ഷാ ഉച്ചകോടി എന്നു വിശേഷിപ്പിക്കുന്ന ബഌക് ഹാറ്റ് ശ്രദ്ധ നേടുന്നത്.
രാജ്യാന്തര തലത്തില്‍ സൈബര്‍ സുരക്ഷാ പരിപാടികളും പരിശീലനങ്ങളും നടത്തുന്ന കൂട്ടായ്മയാണ് ബഌക് ഹാറ്റ്. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള 45,000 സൈബര്‍ സുരക്ഷാ വിദഗ്ദരും 330 പ്രഭാഷകരും 450 സൈബര്‍ സുരക്ഷാ സ്ഥാപനങ്ങളും റിയാദിലെ മല്‍ഹമില്‍ നടന്ന ബഌക് ഹാറ്റ് പ്രദര്‍ശനത്തില്‍ പങ്കെടുത്തു. ക്രിമിനല്‍ നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് വിലമതിയ്ക്കാനാവാത്ത അടിസ്ഥാന സൗകര്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഉള്‍ക്കാഴ്ചകളും സൈബര്‍ പ്രതിരോധ തന്ത്രങ്ങളും ചര്‍ച്ച ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ സൈബര്‍ സുരക്ഷാ സമ്മേളനമാണിത്. എത്തിക്കല്‍ ഹാക്കിംഗ്, സുരക്ഷാ പരിശീലനം, എക്‌സിക്യൂട്ടീവ് ഉച്ചകോടി, സെമിനാറുകള്‍, കൂടിക്കാഴ്ചകള്‍ എന്നിവ ത്രിദിന മേളയുടെ ഭാഗമായി അരങ്ങേറി. സൈബര്‍ ലോകത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ കൈമാറുന്നതിനുളള വൈജ്ഞാനിക വേദി കൂടിയാണ് ബഌക് ഹാറ്റ് പ്രദര്‍ശനം.
നിര്‍മ്മിത ബുദ്ധി വിപ്ലവം സൃഷ്ടിക്കുന്ന കാലമാണിത്. സൈബര്‍ സുരക്ഷാ മേഖലയില്‍ നിര്‍മ്മിത ബുദ്ധി ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും നിര്‍മ്മിത ബുദ്ധി ഉപയോഗിക്കുന്നത് ആശങ്കാജനകമാണ്. അതുകൊണ്ടുതന്നെ അതീവ ജാഗ്രത ആവശ്യമായ ഇടമായി സൈബര്‍ ലോകം മാറി.
ബഌക് ഹാറ്റ് മേളയുടെ ഭാഗമായി അരങ്ങേറിയ മത്സരങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം വിദഗ്ദര്‍ പങ്കെടുത്തു. വെബ് സൈറ്റുകള്‍, മൊബൈല്‍ ആപ്പുകള്‍ എന്നിവയിലെ കേടുപാടുകള്‍ കണ്ടെത്താനുളള മത്സരം, സ്മാര്‍ട്ട് ഹോം ഹാക്കിംഗ്, കാര്‍ ഹാക്കിംഗ്, ലോക്ക് ഹാക്കിംഗ്, എയ്‌റോപ്ലൈന്‍ ഹാക്കിംഗ്, ഹോസ്പിറ്റല്‍ എക്യുപ്‌മെന്റ് ഹാക്കിംഗ്, ഹാര്‍ഡ്‌വെയര്‍ ഹാക്കിംഗ് തുടങ്ങിയ മത്സരങ്ങളാണ് മേളയുടെ ഭാഗമായി ഒരുക്കിയത്. വിജയികള്‍ക്ക് 10 ലക്ഷം റിയാല്‍ ക്യാഷ് പ്രൈസും വിതരണം ചെയ്തു. ഇതില്‍ ശ്രദ്ധ നേടിയത് കാപ്ചര്‍ ദി ഫഌഗ് മത്സരമാണ്.
അമേരിക്കയിലും യൂറോപ്പിലും മാത്രം നടത്തിയിരുന്ന ബഌക് ഹാറ്റ് മേളയുടെ പശ്ചിമേഷ്യ-ആഫ്രിക്ക പതിപ്പിന് റിയാദ് വേദിയായതോടെ ഈ വര്‍ഷം ആദ്യമായി കേരളത്തില്‍ നിന്നുളള സന്ദര്‍ശകരും എത്തി. വന്‍കിട കമ്പനികളുമായുളള കൂടിക്കാഴ്ചകള്‍ക്കും ബിസിനസ്സ് പങ്കാളിത്തത്തിനുളള അവസരം തേടിയാണ് മലയാളികള്‍ റിയാദിലെത്തിയത്.
സൈബര്‍ സുരക്ഷാ മേഖലയില്‍ ഇന്ത്യന്‍ സോഫ്ട്‌വെയറുകള്‍ക്കും ഹാര്‍ഡ്‌വെയറുകള്‍ക്കും മികച്ച സ്ഥാനമാണ് രാജ്യാന്തര തലത്തിലുളളത്. മാത്രമല്ല ഇന്ത്യന്‍ എഞ്ചാനീയര്‍മാരുടെ കാര്യക്ഷമതയും സാങ്കേതിക ഞ്ജാനവും വിലമതിയ്ക്കാനാവാത്തതാണ്. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ നെറ്റുവര്‍ക്ക് സുരക്ഷ ഒരുക്കുന്ന ഇന്ത്യന്‍ കമ്പനികളും ഇന്ത്യക്കാര്‍ നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങളും ഈ വര്‍ഷം മേളയില്‍ പങ്കാളികളായി.
ജിസിസി രാജ്യങ്ങളിലും വിവിധ സര്‍ക്കാര്‍ ഏജന്‍സികളിലും വന്‍കിട കമ്പനികളിലും സേവനം അനുഷ്ടിക്കുന്ന സൈബര്‍ സെക്യൂരിറ്റി എഞ്ചിനീയര്‍മാര്‍ പുതിയ സാങ്കേതിക വിദ്യകള്‍ കാണാന്‍ കൗതുകത്തോടെയാണ് ബഌക്ഹാറ്റ് നഗരിയിലെത്തിയത്. പുതിയ അറിവുകളും അനുഭവ സമ്പന്നരായ വിദഗ്ദരുടെ പരിശീലനവും നേടിയാണ് യുവ എഞ്ചിനീയര്‍മാര്‍ ബഌക് ഹാറ്റില്‍ പങ്കെടുത്തു മടങ്ങിയത്. സൈബര്‍ സുരക്ഷാ വിദഗ്ദരെ ഒന്നിപ്പിക്കുന്ന ബ്ലാക്ക് ഹാറ്റിന് സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ പങ്കാളിത്തത്തോടെ, സൗദി ഫെഡറേഷന്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി ആന്റ് പ്രോഗ്രാമിംഗ് ആണ് ആതിഥ്യം അരുളിയത്. സൈബര്‍ രംഗത്തെ സാധ്യതകളും ചതിക്കുഴികളും നിയന്ത്രിക്കാന്‍ 2017ല്‍ സൗദി അറേബ്യ രൂപീകരിച്ച ദേശീയ സൈബര്‍ സെക്യൂരിറ്റി അതോറിറ്റിയും പങ്കാളികളാണ്. രാജ്യത്തിന്റെ വളര്‍ച്ചയും സമൃദ്ധിയും സുസ്ഥിരതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് വിശ്വസനീയമായ സൈബര്‍സ്‌പേസ് അനിവാര്യമാണ്. അതിനുളള പ്രയാണത്തിന് ബഌക് ഹാറ്റ് പോലുളള രാജ്യാന്തര മേള സഹായിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.