
റിയാദ്: മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്ത്യക്കാരന്റെ മൃതദേഹം 18 ദിവസത്തിന് ശേഷം നാട്ടിലെത്തിച്ചു. രണ്ടു മാസം മുമ്പ് റിയാദില്‍ നിന്നു 140 കിലോമീറ്റര്‍ അകലെ താദിക്കില്‍ കാര്‍ഷിക ജോലിക്കെത്തിയ തമിഴ്‌നാട് അറിയലുര്‍ ജില്ല വെള്ളിപിരങ്കിയം സ്വദേശി വെങ്കിടാജലം ചിന്ന ദുരൈയെ (32) താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെങ്കിടാജലത്തെ കുറിച്ചുള്ള വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ സുഹൃത്തുക്കള്‍ മുഖേന അന്വേഷിക്കുന്നതിനായി കേളി കലാ സാംസ്‌കാരിക വേദിയെ സമീപിച്ചു. ജീവകാരുണ്യ വിഭാഗം ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയ ശേഷം മുസമിയ ഏരിയാ രക്ഷാധികാരി സെക്രട്ടറി ഷമീര്‍ പുലാമന്തോളിന്റെയും ജീവകാരുണ്യ കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കരയുെടെയും നേതൃത്വത്തില്‍ താദിക്കിലെ പ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. സ്‌പോണ്‍സറെ സമീപിച്ച് വിവരങ്ങള്‍ ഇന്ത്യന്‍ എംബസിയിലും വീട്ടിലും അറിയിച്ചു.

വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മൃതദേഹം നാട്ടിലെത്തിക്കാനുളള ചെലവ് ഏറ്റെടുക്കാന്‍ സ്‌പോണ്‍സര്‍ തയ്യാറായില്ല. ഇതോടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിനും എംബാം ചെയ്യുന്നതിനുമുള്ള ചെലവുകള്‍ എംബസി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നു അനുവദിച്ചു. ആത്മഹത്യയെ കുറിച്ച് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തിരുന്നതായി ഫോണില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. കേളി ജീവകാരുണ്യ വിഭാഗം തുടര്‍ നടപടികള്‍ സ്വീകരിച്ച് എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതശരീരം നാട്ടിലെത്തിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.