Sauditimesonline

SaudiTimes

ചരിത്രത്തിലാദ്യമായി സൗദിയില്‍ ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗം; ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് സല്‍മാന്‍ രാജാവ്

റിയാദ്: ചരിത്രത്തിലാദ്യമായി സൗദിയില്‍ ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗം. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗം ചേര്‍ന്നത്. വൈറസ് ആശങ്ക ഉയര്‍ത്തിയ സാഹചര്യത്തില്‍ മാര്‍ച്ച് 18, 25 തീയതികളിലെ രണ്ട് മന്ത്രി സഭാ യോഗങ്ങള്‍ മാറ്റിവെച്ചിരുന്നു. തുടര്‍ന്നാണ് മാര്‍ച്ച് 31ന് ഓണ്‍ലൈന്‍ മന്ത്രി സഭാ യോഗം ചേര്‍ന്നത്. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

കൊവിഡ് വൈറസിന്റെ ആഘാതം കുറക്കുന്നതിനു സ്വീകരിച്ച നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതില്‍ രാജ്യത്തെ എല്ലാ ഏജന്‍സികളും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ മികച്ചതാണ്. കൊവിഡ് മഹാമാരിയെയും അതിന്റെ പ്രത്യാഘാതങ്ങളെയും നേരിടാന്‍ രാജ്യത്തിനു കഴിയും. അതിനുളള മനുഷ്യ വിഭവങ്ങളും സാമ്പത്തിക ശേഷിയും രാജ്യത്തിനുണ്ടെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി. രാജ്യത്തെ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും മുഴുവന്‍ സേവനങ്ങളും ഉറപ്പുവരുത്തും. ഇതിനുളള അധിക സാമ്പത്തിക ചെലവും പിന്തുണയും രാജ്യം വഹിക്കും. ധനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജ് ഗുണം ചെയ്യും. മരുന്നും ഭക്ഷണവും സുലഭമാക്കുന്നതിന് സ്വീകരിച്ച നടപടികളെ ഭരണാധികാരി സല്‍മാന്‍ രാജാവ് അഭിനന്ദിച്ചു.
കൊവിഡ് ചികിത്സ സ്വദേശി, വിദേശി വ്യത്യാസമില്ലാതെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി നല്‍കും. നിയമ ലംഘര്‍ ഉള്‍പ്പെടെയുളളവര്‍ക്കും ചികിത്സ ലഭ്യമാക്കുമെന്ന് മന്ത്രി സഭാ തീരുമാനങ്ങള്‍ അറിയിച്ച ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. മാജിദ് അബ്ദുല്ല അല്ല ഖസബി പറഞ്ഞു.

സ്വകാര്യ സംരംഭകര്‍, തൊഴിലാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പരിശ്രമങ്ങളും അര്‍പ്പണ ബോധവും അഭിനന്ദനാര്‍ഹമാണെന്ന് രാജാവ് പറഞ്ഞു. നിര്‍ദേശങ്ങള്‍ അനുസരിച്ച് കൊവിഡിനെ പ്രതിരോധിക്കാന്‍ സന്നദ്ധരായ ജനങ്ങളോട് രാജാവ് നന്ദിയും അറിയിച്ചു.

കൊവിഡിനെ തുടര്‍ന്നുളള ദേശീയ, അന്തര്‍ദേശീയ സംഭവ വികാസങ്ങളും മന്ത്രിസഭ ചര്‍ച്ച ചെയ്തു. പകര്‍ച്ചവ്യാധിയെ നേരിടാനുള്ള ആഗോള ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിന് സൗദിയുടെ നേതൃത്വത്തില്‍ ജി 20 നേതാക്കളുടെ അസാധാരണ ഉച്ചകോടി ഗുണകരമായ പ്രതിഫലനം സൃഷ്ടിക്കും. ഉച്ചകോടി പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയും മന്ത്രിസഭ ചര്‍ച്ചചെയ്തു. ലോകം ഐക്യത്തോടെ കൊവിഡിനെ പ്രതിരോധിക്കുമ്പോള്‍ ഇറാന്‍ പിന്തുണയോടെ ജനവാസ കേന്ദ്രങ്ങളില്‍ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച ഹൂതി തീവ്രവാദികളുടേത് ക്രൂരമായ നടപിെയാണെന്ന് മന്ത്രിസഭ കുറ്റപ്പെടുത്തി.

മിഡില്‍ ഈസ്റ്റില്‍ ഇന്റര്‍പോള്‍ പ്രാദേശിക ഓഫീസ് സ്ഥാപിക്കുന്നതിന് സൗദി അറേബ്യയും ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പോലീസ് ഓര്‍ഗനൈസേഷനും (ഇന്റര്‍പോള്‍) തമ്മിലുള്ള കരട് കരാര്‍ ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര മന്ത്രിയെ യോഗം ചുമതലപ്പെടുത്തി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top