
റിയാദ്: തടവില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനം ഇനിയും നീളും. ഇന്നു കേസ് പരിഗണിച്ച കോടതി സൂക്ഷ്മ പരിശോധനക്കും കൂടുതല്‍ പഠനത്തിനും സമയം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് കേസ് മാറ്റിവെച്ചത്.

ഇത് ആറാം തവണയാണ് ഹര്‍ജിയില്‍ വിധി പറയാതെ റിയാദ് ക്രിമിനല്‍ കോടതി മാറ്റിവയ്ക്കുന്നത്. സൗദി ബാലന്‍ അനസ് അല്‍ ശാഹിരി കൊല്ലപ്പെട്ട കേസ് വിശദമായി പഠിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിയാദ് ക്രിമിനല്‍ കോടതി മോചന ഹര്‍ജിയില്‍ വിധിപറയുന്നത് കഴിഞ്ഞ തവണയും മാറ്റിവച്ചിരുന്നു.
കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന റഹീമിന് 34 കോടി ദിയാധനം കൈപ്പറ്റി കുടുംബം മാപ്പ് നല്‍കിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. കുടുംബം മാപ്പ് നല്‍കിയത് കണക്കിലെടുത്ത് ജൂലൈ രണ്ടിന് കോടതി വധശിക്ഷ റദ്ദാക്കി. പബ്ലിക് റൈറ്റ്‌സ് അനുസരിച്ചുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇത് അനുസരിച്ച് ഒക്ടോബര്‍ 21 മോചന ഹര്‍ജി പരിഗണിച്ച ബഞ്ച്, വധശിക്ഷ റദ്ദാക്കിയ ബഞ്ച് തന്നെ കേസില്‍ വിധി പറയണമെന്ന് ചൂണ്ടിക്കാട്ടി കേസ് മാറ്റിവയ്ക്കുകയായിരുന്നു.

നവംബര്‍ 17ന് ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്റെ സത്യവാങ്മൂലം വിശദമായി പഠിക്കണമെന്ന് പറഞ്ഞ് കേസ് മാറ്റി. ഡിസംബര്‍ എട്ടിന് പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ട കോടതി വിധി പറയാന്‍ കേസ് ഡിസംബര്‍ പന്ത്രണ്ടിലേക്ക് മാറ്റിയെങ്കിലും അന്നും വിധിയുണ്ടായില്ല. സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണിതെന്നായിരുന്നു റഹിം നിയമസഹായ സമിതി അറിയിച്ചത്.

2006ല്‍ ഡ്രൈവറായി ജോലി ലഭിച്ച് ഒരു മാസം തികയും മുന്‍പാണ് കൊലപാതകകേസില്‍ അകപ്പെട്ട് അബ്ദുറഹീം ജയിലാകുന്നത്. വധശിക്ഷ റദ്ദാക്കിയശേഷം ഉമ്മയും സഹോദരനും അമ്മാവനും റിയാദ് ജയിലിലെത്തി റഹിമിനെ നേരില്‍ കണ്ടിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.