
റിയാദ്: ഇശല്‍ മഴയുടെ മേളപ്പെരുക്കം അരങ്ങുണര്‍ത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മാപ്പിളപ്പാട്ടു ശാഖയിലെ പടപ്പാട്ടുകള്‍, പ്രണയകാവ്യങ്ങള്‍, കത്തുപാട്ടുകള്‍, ഒപ്പനപ്പാട്ടുകള്‍, കിസ്സപ്പാട്ടുകള്‍, കെസ്സുപ്പാട്ടുകള്‍, കല്യാണപ്പാട്ടുകള്‍ തുടങ്ങി ആസ്വാദക ഹൃദയങ്ങളെ ആകര്‍ഷിക്കുന്ന മാപ്പിളപ്പാട്ടുകളുടെ സംഗമ വേദി ജനുവരി 17ന് വൈകീട്ട് 7ന് റിയാദിലെ മലാസ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങുണരും.

കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ‘കൈസെന്‍’ ത്രൈമാസ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രമുഖര്‍ വിധികര്‍ത്താക്കളായി പങ്കെടുക്കും. മാപ്പിളപ്പാട്ട് നിരൂപകന്‍ ഫൈസല്‍ എളേറ്റില്‍, ഗാനരചയിതാവ് ഷുക്കൂര്‍ ഉടുമ്പുന്തല, പട്ടുറുമാല്‍ ഫെയിം ഗായിക ബെന്‍സീറ റഷീദ് എന്നിവരാണ് വിധികര്‍ത്താക്കള്‍.

സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നു 18നും 50നും ഇടയില്‍ പ്രായമുളള 40 പേരില്‍ നിന്ന് ഒഡീഷനിലൂടെ തെരഞ്ഞെടുത്ത 10 മികച്ച ഗായകര്‍ ഗ്രാന്‍ഡ് ഫിനാലയില്‍ മത്സരിക്കുമെന്ന് സംഘാടകരായ ഷാഫി സെഞ്ച്വറി, അഷ്‌റഫ് മീപ്പിരി, ഇസ്മായില്‍ കാരോളം, അസീസ് അടുക്ക, ഷംസു പെരുമ്പട്ട, ടി.എ.ബി അഷ്‌റഫ് പടന്ന എന്നിവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.