
റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളിലെ സ്‌കൂളുകള്‍ മാറ്റിവെച്ച സി ബി എസ് ഇ പരീക്ഷകള്‍ ഉപേക്ഷിക്കുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഇനി നടക്കാനുളള പരീക്ഷകള്‍ നടത്താതെ തന്നെ ഫലം പ്രഖ്യാപിക്കും. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സോഷ്യല്‍ സ്റ്റഡീസ് പരീക്ഷ മാത്രമാണ് ബാക്കിയുളളത്. പന്ത്രണ്ടാം ക്ലാസിന് വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്ത വിഷയം അനുസരിച്ച് രണ്ടും മൂന്നും ഓപ്ഷനുകളിലുളള പരീക്ഷകളാണ് നടക്കാനുളളത്. സി ബി എസ് ഇ ഇന്നു പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം പരീക്ഷകള്‍ ഉപേക്ഷിക്കുകയാണെന്ന് റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എസ് എം ഷൗക്കത്ത് പര്‍വേസ് രക്ഷിതാക്കളെ അറിയിച്ചു.
10, 12 ക്ലാസുകളുടെ അന്തിമ ഫലം പിന്നീട് പ്രസിദ്ധീകരിക്കും. ഇതിനുളള മാനദണ്ഡം സി ബി എസ് ഇ പിന്നീട് പ്രഖ്യാപിക്കും. 25 രാജ്യങ്ങളില്‍ സി ബി എസ് ഇ അംഗീകാരമുളള സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൗദിയില്‍ മാത്രം ഇന്ത്യന്‍ എംബസിയുടെ നിയന്ത്രണത്തിലുളള 10 സ്‌കൂളുകളാണുളളത്. ഇതിനു പുറമെ സി ബി എസ് ഇ അംഗീകാരമുളള ഇരുപതിലധികം സ്‌കൂളുകളും സൗദിയിലുണ്ട്. പരീക്ഷ ഉപേക്ഷിച്ചതോടെ 10, 12 ക്ലാസുകളിലുളള എണ്ണയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക ഒഴിവായതിന്റെ ആശ്വാസത്തിലാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
