
റിയാദ്: പതിനൊന്നാമത് ഇന്റര്‍നാഷണല്‍ യോഗ ദിനം വിപുലമായ പരിപാടികളോടെ റിയാദ് ഇന്ത്യന്‍ എംബസി ആചരിച്ചു. പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ ഇന്ത്യക്കാര്‍ക്കു പുറമെ വിവിധ രാജ്യങ്ങളിലെ അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു.

ശരീരം, മനസ്സ്, ആത്മാവ് എന്നിവയെ സമന്വയിപ്പിക്കാന്‍ യോഗ പരിശീലനം സഹായിക്കും. നയോഗ ഫോര്‍ വണ്‍ എര്‍ത്ത്, വണ്‍ ഹെല്‍ത്ത്’ എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ യോഗ ദിനാചരണം. സുസ്ഥിരത, സമാധാനം, സമഗ്ര ആരോഗ്യം എന്നീ മൂല്യങ്ങള്‍ വ്യക്തിഗത ക്ഷേമവും ആഗോള ഐക്യവും യോഗ പ്രോത്സാഹിപ്പിക്കുമെന്ന സന്ദേശമാണ് പങ്കുവെയ്ക്കുന്നത്.

യോഗ പ്രോത്സാഹിപ്പിക്കുന്നതില്‍ സൗദി അധികാരികള്‍, യോഗ പ്രാക്ടീഷണര്‍മാര്‍, സ്വദേശികള്‍ എന്നിവരുടെ പങ്കാളിത്തത്തിനു ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ നന്ദി അറിയിച്ചു. യോഗ കേവലം വ്യായാമ രൂപമല്ലെന്നും സംസ്‌കാരങ്ങള്‍ക്കും നാഗരികതകള്‍ക്കും ഇടയിലുള്ള പാലമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് അതിരുകള്‍ മറികടക്കും. വ്യക്തികളെ ആരോഗ്യമുളള ജീവിതശൈലിയിലേയ്ക്കു പരിവര്‍ത്തിപ്പിക്കുമെന്നും അംബാസഡര്‍ പറഞ്ഞു.

സൗദിയില്‍ യോഗയുടെ ജനപ്രീതി വര്‍ധിച്ചു വരുകയാണെന്നു ഏഷ്യന്‍ യോഗ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് നൗഫ് അല്‍മര്‍വായ് പറഞ്ഞു. സൗദി യോഗ കമ്മിറ്റി സിഇഒ അഹമ്മദ് അല്‍സാദിയും പ്രസംഗിച്ചു. സൗദി കായിക മന്ത്രാലയം ഡയറക്ടര്‍ ഷഹദ് അല്‍മുഫ്തിയും സന്നിഹിതയായിരുന്നു. നെര്‍വിന്‍ ആശ്രമം, സീമ ഘനം എന്നിവര്‍ യോഗ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കി. യോഗ ദിനാചരണത്തിന്റെ ഭാഗമായി എംബസിയുടെ നേതൃത്വത്തില്‍ ഒരു മാസമായി വിവിധ പരിപാടികള്‍ ഒരുക്കിയിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.