റിയാദ്: നയവൈകല്യങ്ങളും പക്ഷപാത നിലപാടുകളും മാറ്റിയാല്‍ ഇന്ത്യയ്ക്കു അതിവേഗം കുതിയ്ക്കാന്‍ കഴിയുമെന്നു റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സംവാദം അഭിപ്രായപ്പെട്ടു. രാജ്യത്തു നടപ്പിലാക്കുന്ന നയങ്ങളും നിലപാടുകളും ഓരോ പൗരനും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ഇന്ത്യയില്‍ വിഭാഗിയത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നും സംവാദത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായാണ് ‘ഇന്ത്യ@78’ സംവാദം സംഘടിപ്പിച്ചുത്. റിംഫ് രക്ഷാധികാരി നജീം കൊച്ചുകലുങ്ക് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുലൈമാന്‍ ഊരകം അധ്യക്ഷത വഹിച്ചു. പ്രവാസി കൂട്ടായ്മാ പ്രതിനിധികള്‍ സംവാദത്തില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പയച്ചു.
റിംഫ് സാംസ്‌കാരിക സമിതി കണ്‍വീനര്‍ ഷിബു ഉസ്മാന്‍ വിഷയം അവതരിപ്പിച്ചു. സൈന്യത്തെ പോലും ഹിന്ദുവത്കരിക്കാനുളള നീക്കം നടക്കുന്നു. ഭരണ ഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങള്‍ ഭേദഗതി ചെയ്യാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയവര്‍ അതിന്റെ ആത്മാവ് നശിപ്പിക്കുകയാണ്. പാഠപുസ്തകങ്ങളിലെ ചരിത്രപാഠങ്ങളില്‍ അതിവിദഗ്ധമായി മാറ്റങ്ങള്‍ വരുത്തി വിദ്യാര്‍ഥികളെ മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയരാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ പൗരന്മാര്‍ വിവേചനം നേരിടുന്നുണ്ട്. നിയമങ്ങളും നയങ്ങളും സങ്കീര്‍ണമാകുമ്പോള്‍ ഇന്ത്യയുടെ സമ്പദ്ഘടനക്ക് പോറലേല്‍ക്കുന്നു.
സമൂഹത്തിന്റെ താഴെ തട്ടിലുള്ളവര്‍ അവഗണിക്കപ്പെടുന്നു. ‘ആരോഗ്യ’ രാഷ്ട്രീയം ഇന്ത്യയുടെ ആരോഗ്യമേഖലക്ക് വെല്ലുവിളിയായിരിക്കുകയാണ്. നയവൈകല്യവും ധന വിനിയോഗത്തിന്റെ അഭാവവും ആരോഗ്യ മേഖലയെ ക്ഷയിപ്പിക്കുകയാണ്. ഭരണാധികാരികള്‍ ഇത് തിരിച്ചറിയണമെന്നും രാജ്യത്തിന്റെ വളര്‍ച്ചയും പുരോഗതിയും മുഖ്യ അജണ്ടയാക്കണമെന്നും സംവാദത്തില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു.
കേളി പ്രതിനിധി സതീഷ് കുമാര്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ അവതരിപ്പിച്ചു. നവോദയയുടെ സുധീര്‍ കുമ്മിള്‍ഭരണഘടനയും സമകാലിക ഇന്ത്യയും, റിംഫിന്റെ ജയന്‍ കൊടുങ്ങല്ലൂര്‍ റിംഫ് നിറം മാറുന്ന വിദ്യാഭ്യാസ നയവും അവതരിപ്പിച്ചു. പൗരത്വ വിവേചനമാണ് പ്രവാസിയെ പ്രതിനിധീകരിച്ച ബാരിഷ് ചെമ്പകശ്ശേരി പങ്കുവെച്ചത്. ഷാഫി തുവ്വൂര്‍ കെഎംസിസി (സമ്പദ്ഘടനയും ദാരിദ്ര്യവും), അഡ്വ. എല്‍.കെ അജിത് ഒഐസിസി (തൊഴിലില്ലായ്മയും കുടിയേറ്റവും), ഡോ. അബ്ദുല്‍ അസീസ് (രോഗാതുരമോ ഇന്ത്യന്‍ ആരോഗ്യമേഖല), ഇല്യാസ് പാണ്ടിക്കാട് ആവാസ് (കേന്ദ്ര ഏജന്‍സികളും പ്രതിപക്ഷവും), രാഷ്ട്രീയ നിരീക്ഷകന്‍ സലീം പള്ളിയില്‍ (ഇന്ത്യന്‍ സംസ്‌കാരവും ചരിത്രവും), എം. സാലി ആലുവ ന്യൂ ഏജ് (ഇന്ത്യയുടെ സ്ഥിരതയും സുരക്ഷയും) എന്നീ വിഷയങ്ങളും അവതരിപ്പിച്ചു. ശ്രോതാക്കളുടെ സംശയ നിവാരണത്തിനും അവസരം ഒരുക്കിയിരുന്നു. നാദിര്‍ഷ ആമുഖ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ചീഫ് കോഓര്‍ഡിനേറ്റര്‍ ജലീല്‍ ആലപ്പുഴ നന്ദി പറഞ്ഞു മുജീബ് ചങ്ങരംകുളം, ഷമീര്‍ കുന്നുമ്മല്‍, ഹാരിസ് ചോല എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.