Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും

‘ആരുടെ രാമന്‍’ ചര്‍ച്ച ചെയ്തു ‘ചില്ല’

റിയാദ്: ഡോ. ടിഎസ് ശ്യാം കുമാര്‍ എഴുതിയ ‘ആരുടെ രാമന്‍’ എന്ന കൃതി വിശകലനം ചെയ്തു ‘ചില്ല’ നവംബര്‍ വായന. വാല്‍മീകി രാമായണത്തിന്റെ പുനര്‍വായനയിലൂടെ അടുത്ത കാലത്ത് സജീവ ചര്‍ച്ചക്ക് വിധേയമായ കൃതി ശശി കാട്ടൂര്‍ അവലോകനം ചെയ്തു. വാല്‍മീകി രാമായണം, മഹാഭാരതം, അദൈ്വത വേദാന്തം, അര്‍ത്ഥശാസ്ത്രം, താന്ത്രികവിദ്യ, ധര്‍മശാസ്ത്രങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളെയും വേദാന്ത പാഠപാരമ്പര്യങ്ങളെ വിമര്‍ശനാത്മമായി പരിശോധിക്കുന്നതാണ് കൃതി. ബ്രാഹ്മണ്യവും വര്‍ണ്ണവ്യവസ്ഥയും മുറുകെ പിടിച്ചു നിലവിലെ ഇന്ത്യന്‍ ഭരണകൂടം നടപ്പിലാക്കുന്ന ഹിംസാത്മകതയില്‍ ആശങ്ക പങ്കുവച്ചാണ് ശശി കാട്ടൂര്‍ ‘ആരുടെ രാമന്‍’ വശകലനം ചെയ്തത്.

2025ലെ വയലാര്‍ അവാര്‍ഡ് നേടിയ ഇ. സന്തോഷ് കുമാര്‍ രചിച്ച തപോമയിയുടെ അച്ഛന്‍ എന്ന നോവലിന്റെ വായനാസ്വാദനം ജോമോന്‍ സ്റ്റീഫന്‍ പങ്കുവച്ചു. അഭയാര്‍ഥി ജീവിതങ്ങളെ പശ്ചാത്തലമാക്കി, മനുഷ്യ ബന്ധങ്ങളുടെ സങ്കീര്‍ണവും സവിശേഷവുമായ ജീവിതാവസ്ഥയുടെ കഥ പറയുന്ന നോവലില്‍ അഭയാര്‍ത്ഥികളാകാന്‍ വിധിക്കപെട്ട മനുഷ്യരുടെ ഹൃദയവ്യഥയും നോവും നൊമ്പരവും ബന്ധനങ്ങളും അതിജീവനസാധ്യതയും ആവിഷ്‌കരിക്കുന്നു.

വര്‍ത്തമാനകാല ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ ധീരതയോടെ അടയാളപ്പെടുത്തുന്ന വി. ഷിനിലാല്‍ എഴുതിയ ‘സമ്പര്‍ക്കക്രാന്തി’ നോവലിന്റെ വായനാനുഭവം നജീം കൊച്ചുകലുങ്ക് അവതരിപ്പിച്ചു. ബംഗാളിലെ രാഷ്ടീയ മാറ്റവും അതിന് കാരണവുമായി ഭവിച്ച സിംഗൂര്‍ നന്ദിഗ്രാം സമരങ്ങളുടെ പശ്ചാത്തലത്തില്‍ മിഥുന്‍ കൃഷ്ണ രചിച്ച ‘അപര സമുദ്ര’ എന്ന നോവലിന്റെ വായനുഭവം സതീഷ് കുമാര്‍ വളവില്‍ വിശദീകരിച്ചു.
ചര്‍ച്ചയില്‍ വിപിന്‍ കുമാര്‍, സബീന എം. സാലി, ഷബി അബ്ദുല്‍ സലാം, ഫൈസല്‍ കൊണ്ടോട്ടി, മുഹമ്മദ് ഇക്ബാല്‍ വടകര എന്നിവര്‍ പങ്കെടുത്തു. സുരേഷ് ലാല്‍ മോഡറേറ്റര്‍ ആയിരുന്നു. നാസര്‍ കാരക്കുന്ന് ചര്‍ച്ചകള്‍ ഉപസംഹരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top