ചില്ലയില്‍ വൈവിദ്ധ്യങ്ങളുടെ ജൂണ്‍ വായന

റിയാദ്: ചില്ല പ്രതിമാസ വായനയുടെ ജൂണ്‍ ലക്കം പുതുതലമുറയുടെ വായനയിലെ വൈവിദ്ധ്യം, വിശകലനരീതി എന്നിവ കൊണ്ട് അര്‍ത്ഥവത്തായി. ഡാനിഷ് തത്വചിന്തകന്‍ സോറന്‍ കിര്‍ക്കെഗാഡിന്റെ ‘ഫിയര്‍ ആന്‍ഡ് ട്രംമ്പ്‌ലിങ്’ എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്കുവെച്ച് കൊണ്ട് അഖില്‍ ‘എന്റെ വായന’ക്ക് തുടക്കം കുറിച്ചു. മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ബോധത്തിലും ചിന്തയിലും വലിയ പൊളിച്ചെഴുത്ത് നടത്തിയ കിര്‍കെഗാഡ് വിശ്വാസത്തിന്റെ മനഃശാസ്ത്രപരമായ അപഗ്രഥനം നടത്തുകയാണ് ഈ കൃതിയില്‍ എന്ന് അഖില്‍ അഭിപ്രായപ്പെട്ടു.

വിഖ്യാത പത്രപ്രവര്‍ത്തക അനിത പ്രതാപിന്റെ ‘ഐലന്‍ഡ് ഓഫ് ബ്ലഡ്’ന്റെ വായനാനുഭവം സ്‌നിഗ്ദ്ധ വിപിന്‍ പങ്കു വെച്ചു. ശ്രീലങ്കയിലോ, അഫ്ഗാനിസ്ഥാനിലോ ആകട്ടെ യുദ്ധവും ആഭ്യന്തരകലാപവുമെല്ലാം ആദ്യം ബാധിക്കുക ആ പ്രദേശത്തെ കുട്ടികളെയും സ്ത്രീകളെയും ദാരിദ്രരായ മനുഷ്യരെയുമായിരുക്കുമെന്നാണ് ഈ പുസ്തക വായനയിലൂടെ തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് സ്‌നിഗ്ദ്ധ പറഞ്ഞു.

റിയാദില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഹാദിഖ് ജബ്ബാര്‍ എഴുതിയ ‘മ’ എന്ന ചെറുകഥാ സമാഹാരത്തിന്റെ വായനാനുഭവം അന്‍സാര്‍ അബ്ദുല്‍ സത്താര്‍ പങ്കു വെച്ചു.

ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവിന്റെ സോഷ്യോ ഹൊറര്‍ നോവല്‍ ‘ബ്രഹ്മരക്ഷസി’ന്റെ വായനാനുഭവം അവതരിപ്പിച്ചത് കൊമ്പന്‍ മൂസയാണ്. കോര്‍പറേറ്റുകള്‍ നടത്തുന്ന പുത്തന്‍ അധിനിവേശങ്ങള്‍ ഇരകളെ വലയിട്ടു പിടിക്കാന്‍ ബ്രഹ്മരക്ഷസ്സ് എന്ന മിത്തിനെ വരെ ആയുധമാക്കുന്ന കൗതുകകരമായ അനുഭവമാണ് തന്റെ നോവലിലൂടെ ശിഹാബുദ്ധീന്‍ പറയുന്നതെന്ന് മൂസ അഭിപ്രായപ്പെട്ടു.

നമുക്ക് പ്രിയപ്പെട്ടതായതുകൊണ്ട് ശരിയാണെന്ന് നാം ഉറച്ച് വിശ്വസിക്കുന്ന ധാരണകളെ ചോദ്യം ചെയ്യാനും തിരുത്താനും പ്രേരിപ്പിക്കുന്ന പുസ്തകമാണ് മൈത്രേയന്റെ ‘മനുഷ്യരറിയാന്‍’ എന്ന് അതിന്റെ വായനാനുഭവം പങ്കു വെച്ചുകൊണ്ട് ശിഹാബ് കുഞ്ചിസ് പറഞ്ഞു.

ബീന, വിപിന്‍, സമീര്‍, ബഷീര്‍ കാഞ്ഞിരപ്പുഴ, വിനോദ് കുമാര്‍ മലയില്‍, സുനില്‍, വിദ്യ വിപിന്‍, റജുല, മനാഫ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ടി. ആര്‍. സുബ്രമണ്യന്‍ പുസ്തകാവതരണങ്ങളെയും, ചര്‍ച്ചകളെയും അവലോകനം ചെയ്തു. നാസര്‍ കാരകുന്ന് പരിപാടിയുടെ മോഡറേറ്ററായിരുന്നു.

 

Leave a Reply