മക്ക: അഷ്ട ദിക്കുകളില്‍ നിന്നെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ മിന താഴ്‌വരയിലേക്ക് നീങ്ങിയതോടെ പുണ്യ ഭൂമിയില്‍ വിശ്വാസികളുടെ പ്രവാഹം. ഇന്ത്യന്‍ തീര്‍ഥാടകര്‍ ഇന്നലെ വൈകുന്നേരത്തോടെ മിനയിലേക്ക് നീങ്ങി. 80 ശതമാനം ഇന്ത്യന്‍ തീര്‍ഥാടകരും തമ്പുകളുടെ നഗരമായ മിനയിലെത്തി. ബാക്കിയുളളവര്‍ ഇന്നു വൈകുന്നേരത്തോടെ മിനയിലെ ടെന്റുകളില്‍ എത്തിച്ചേരും. നാളെ ജൂണ്‍ 27ന് ആണ് ഹജിന്റെ സുപ്രധാന കര്‍മമായ അറഫാ സംഗമം.
ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ മസ്ജിദുല്‍ ഹറമിലെത്തി മക്കയില്‍ എത്തിച്ചേരുമ്പോള്‍ നിര്‍വഹിക്കുന്ന ത്വവാഫ് അല്‍ഖുദും നിര്‍വഹിച്ചു. അല്ലാഹുവിന് നന്ദി പ്രകടിപ്പിച്ചും സമര്‍പ്പണത്തിന്റെ പവിത്രമായ ഇഹ്‌റാമില്‍ പ്രവേശിച്ചുമാണ് തീര്‍ത്ഥാടകര്‍ ആദ്യത്തെ ത്വവാഫ് അഥവാ കഅബ പ്രദക്ഷിണം ചെയ്യുന്നത്. ഇസ്‌ലാമിന്റെ ആത്മീയ കേന്ദ്രവും ഹജ് തീര്‍ത്ഥാടനത്തിന്റെ കേന്ദ്രബിന്ദുവുമായ മക്കയിലേക്കുള്ള തീര്‍ത്ഥാടകരുടെ വരവിന്റെ സൂചനയുമാണിത്.
മക്കയില്‍ നിന്ന് 5 കിലോമീറ്റര്‍ കിഴക്ക് സ്ഥിതി ചെയ്യുന്ന മിന ലോകത്തിലെ ഏറ്റവും വലിയ തമ്പുകളുടെ നഗരം എന്നാണ് അറിയപ്പെടുന്നത്.
തര്‍വിയ്യ ദിനം എന്നറിയപ്പെടുന്ന ദുല്‍ഹിജ്ജ എട്ടാം തീയതി മുതല്‍ തീര്‍ത്ഥാടകര്‍ മിനയിലേക്കു പ്രയാണം തുടങ്ങുകയും ഒരു പകലും രാത്രിയും ചെലവഴിക്കുകയും ചെയ്യുന്നു. അറഫാ സംഗമത്തില്‍ പങ്കെടുക്കാന്‍ മാനസികമായും ശാരീരികമായും തയ്യാറെടുക്കുകയും ചെയ്യന്നു. ദുല്‍ ഹിജ്ജ ഒമ്പതിന് ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ മുഖ്യ കര്‍മം അറഫാ മൈതാനിയില്‍ തീര്‍ത്ഥാടകര്‍ ഒത്തുചേരും. ഇവിടെ മനമുരുകി അല്ലാഹുവിനോട് പാപമോചനവും കാരുണ്യവും ആവശ്യപ്പെട്ട് വിശ്വാസികള്‍ പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെടും.
അറഫയിലെ നമിറ മസ്ജിദില്‍ പ്രാര്‍ത്ഥനകള്‍ നടത്തുകയും അല്ലാഹുവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തീര്‍ഥാടകരെ ഒന്നിപ്പിക്കുന്ന കൂട്ടായ ആരാധനയില്‍ പങ്കെടുക്കുകയും ചെയ്യും.
ദുല്‍ ഹിജ്ജ 9 ന് വൈകുന്നേരം, തീര്‍ത്ഥാടകര്‍ അറഫാത്തിനും മിനയ്ക്കും ഇടയിലുള്ള പ്രധാന സ്ഥലമായ മുസ്ദലിഫയിലേക്ക് നീങ്ങും. തീര്‍ത്ഥാടകര്‍ രാത്രി അവിടെ ചെലവഴിക്കുകയും ചെറിയ കല്ലുകള്‍ ശേഖരിക്കുകയും ചെയ്യും. ഇത് മിനയിലെ ജമറാത്ത് തൂണുകളില്‍ സാത്താനെ കല്ലെറിയുന്ന ചടങ്ങിനായി വിനിയോഗിക്കും.
കല്ലുകള്‍ അല്‍അഖബ ജമറാത്തില്‍ എറിഞ്ഞതിന് ശേഷം, തീര്‍ത്ഥാടകര്‍ ത്വവാഫ് അല്‍ഇഫാദ നിര്‍വഹിക്കുന്നതിനായി മസ്ജിദുല്‍ ഹറമില്‍ എത്തിച്ചേരും. ദുല്‍ഹിജ്ജ 10നും 12നും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും ഇത് നിര്‍വഹിക്കാം. ഇത് പൂര്‍ത്തിയായി കഴിഞ്ഞാല്‍ തീര്‍ത്ഥാടകര്‍ക്ക് ഇഹ്‌റാമിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാകാം. എന്നിരുന്നാലും, ഹജ്ജിന്റെ മറ്റു ചടങ്ങുകളും കര്‍മങ്ങളും തീരുന്നതുവരെ തീര്‍ഥാടകര്‍ മിനയില്‍ തുടരണം.
ദുല്‍ഹിജ്ജ് 11, 12, 13 തീയതികളില്‍ തീര്‍ഥാടകര്‍ മിനായില്‍ തുടരും. ദുല്‍ഹിജ്ജ 11ന് ഉച്ചകഴിഞ്ഞ് തീര്‍ത്ഥാടകര്‍ 21 ചെറു കല്ലുകള്‍ ശേഖരിച്ച് മൂന്ന് ജമറാത്തുകളിലും എറിയുന്നു. കല്ലേറ് ആരംഭിക്കുന്നത് ജമറത്ത് അല്‍ഉല, ജമറത്ത് അല്‍വുസ്ത, ജമറത്ത് അല്‍അഖബ എന്നിങ്ങനൊണ്. മക്കയില്‍ മടങ്ങുന്നതിന് മുമ്പ് തീര്‍ത്ഥാടകര്‍ വിടവാങ്ങല്‍ തവാഫ് എന്നറിയപ്പെടുന്ന ത്വവാഫ് അല്‍വിദ നിര്‍വഹിക്കണം. ഹജ്ജ് തീര്‍ത്ഥാടനത്തില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്.
കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഹജ് തീനഥാടനമാണ് ഈ വര്‍ഷത്തേത്. 2019ല്‍ 25 ലക്ഷം തീര്‍ഥാടകരാണ് ഹജ് നിര്‍വഹിച്ചത്. 2019 ല്‍, ഏകദേശം 2.5 ദശലക്ഷം വ്യക്തികള്‍ ഹജ്ജില്‍ പങ്കെടുത്തു, ഇത് ഗണ്യമായ ജനപങ്കാളിത്തം അടയാളപ്പെടുത്തി. എന്നിരുന്നാലും, 2020ല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ 10,000 പേര്‍ക്ക് മാത്രമാണ് ഹജിന് അനുമതി നല്‍കിയിരുന്നുളളൂ. 2021ല്‍ 59,000 തീര്‍ഥാടക്െ അടനുവദിച്ചു. സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്കനുസരിച്ച് സൗദി അറേബ്യയ്ക്ക് പുറത്ത് നിന്നുള്ള 7.79ലക്ഷം തീര്‍ഥാടകരും രാജ്യത്തിനകത്ത് നിന്നുള്ള 1.19 ലക്ഷം തീര്‍ഥാടകരും ഉള്‍പ്പെടെ 8.98 ലക്ഷം തീര്‍ത്ഥാടകരാണ് 2022ല്‍ ഹജ് നിര്‍വഹിച്ചത്.
ഈ വര്‍ഷം രാജ്യത്തുളള 2 ലക്ഷം പേര്‍ ഉള്‍പ്പെടെ 20 ലക്ഷം തീര്‍ത്ഥാടകര്‍ ഹജ് നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.