
റിയാദ്: യമനില്‍ ഹൂതികള്‍ തടവിലാക്കിയ സൈനികരെ മോചിപ്പിക്കാന്‍ ധാരണ. ഇതിന് പകരമായി തടവിലുളള ഹൂതികളെയും മോചിപ്പിക്കും. സൗദിയുടെ 15 സൈനികരെയാണ് ഹൂതികളുടെ തടവില്‍ നിന്നു മോചിപ്പിക്കുന്നത്. ഇതിന് പകരമായി ഹൂതികള്‍ ഉള്‍പ്പെടെ 1080 പേരെ സൗദി അറേബ്യയും സഖ്യസേനയും മോചിപ്പിക്കും.
യമനിലെ യു.എന്‍ പ്രതിനിധി മാര്ട്ടിന് ഗ്രിഫിത്ത്, റെഡ!്ക്രസന്റ്, യമന്‍, സൗദി സര്‍ക്കാരുകള്‍, ഹൂതികള്‍, യമന്‍ വിഭജന വാദികള്‍ എന്നിവരാണ് തടവുകാരെ കൈമാറുന്നതിന് കരാറിലെത്തിയത്. സഖ്യസേനയുടെ ഭാഗമായ 15 സൗദി ഭടന്മാരെ മോചിപ്പിക്കുമെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി സ്ഥിരീകരിച്ചു.

യമനില്‍ 15,000 പേര് യുദ്ധത്തടവുകാരായി കഴിയുന്നുണ്ട്. സൗദി അറേബ്യ നേതൃത്വം നല്കുന്ന സഖ്യസേന, യമനിലെ ഔദ്യോഗിക സര്‍ക്കാര്‍ എന്നിവരുടെ 290 തടവുകാരെ ഹൂതികള്‍ നേരത്തെ വിട്ടയച്ചു. 128 ഹൂതികളെ സൗദിയും മോചിപ്പിച്ചിരുന്നു. ഇരുഭാഗത്തും തടവുകാരെ കൈമാറ്റം ചെയ്യാനുളള കരാര്‍ യമന്‍ സംഘര്‍ഷം സമാധാനപരമായി ഒത്തു തീര്‍പ്പാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.