റിയാദ്: വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയുള്ള ആധികാരിക വിജയമാണ് ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി. പരാജയത്തിന്റെ ഭീതിയില്‍ ആവനാഴിയിലെ അവസാന അമ്പുകളും പ്രയോഗിച്ച സിപിഎം വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കി ബിജെപിയോടൊപ്പം കൈകോര്‍ക്കുന്ന ദയനീയ കാഴ്ച കേരളം കണ്ടു. അവസരവാദത്തിന്റെയും നെറികേടിന്റെയും രാഷ്ട്രീയത്തെ കേരളത്തിലെ ഉദ്ബുദ്ധരായ ജനതയുടെ പ്രതിനിധികളായ വയനാട്ടിലെയും പാലക്കാട്ടെയും ജനങ്ങള്‍ പിഴുതെറിഞ്ഞു.
വയനാട്ടിലെയും പാലക്കാട്ടെയും വോട്ടര്‍മാരെ സൗദി കെഎംസിസി അഭിനന്ദിച്ചു. തെരഞ്ഞെടുപ്പിന്റെ തലേന്ന് ബിജെപി യെ കൂട്ടുപിടിച്ച് ചില പ്രത്യേക പത്രങ്ങളില്‍ വിഷലിപ്തമായ പരസ്യം നല്‍കിയത് പാലക്കാടന്‍ മണ്ണില്‍ വിലപ്പോയില്ല. യുഡിഎഫിനെ സംശയങ്ങളുടെ നിഴലില്‍ നിര്‍ത്താനും തങ്ങള്‍ക്ക് കിട്ടില്ലെന്ന് ഉറപ്പിച്ച മണ്ഡലത്തില്‍ ബിജെപിക്ക് പരസ്യമായി കൂട്ട് നില്‍ക്കാനുമാണ് സിപിഎം പരസ്യം നല്‍കിയത് വഴി ശ്രമിച്ചത്. ഭിന്നിപ്പിച്ച് വോട്ട് നേടുകയെന്ന ഗീബല്‍സിയന്‍ തന്ത്രവും പയറ്റി. മതം നോക്കി വോട്ട് ചോദിച്ച സിപിഎമ്മിന്റെ മുഖത്ത് ഇരുട്ടടി കൊടുത്തത് പോലെ നേരത്തെ ഷാഫി പറമ്പിലിനു ലഭിച്ച ഭൂരിപക്ഷം ആറിരട്ടി വര്‍ധിപ്പിച്ച് ജനം മറുപടി നല്‍കി.
മുസ്ലിംലീഗിന്റെ സമാദരണീയനായ അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍ക്ക് നേരെ വിമര്‍ശനമുന്നയിച്ച് പാലക്കാട്ടെ ഒരു വിഭാഗത്തിന്റെ വോട്ടില്‍ കണ്ണുവെച്ച മുഖ്യമന്ത്രിക്കും കിട്ടി ചുട്ട മറുപടി. വയനാട്ടില്‍ സിപിഐയെ ഒറ്റക്കാക്കി പ്രചാരണ രംഗത്ത് നിന്ന് പിന്‍വലിഞ്ഞു നിന്ന സിപിഎം പാലക്കാട്ട് പരാജയ ഭീതിയില്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ ഭരണ കക്ഷിക്ക് യോജിച്ചതായിരുന്നില്ല. അധികാരത്തിന്റെ തണലില്‍ യുഡിഎഫിന് നേരെ തൊടുത്തുവിട്ട അസ്ത്രങ്ങളെല്ലാം തിരിച്ചടിച്ചത് സിപിഎമ്മിനേറ്റ കനത്ത പ്രഹരമാണ്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ പരാജയത്തിന്റെ രുചിയറിഞ്ഞ ശേഷം ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം ബാലിശമാണെന്ന് കേരള ജനതക്ക് നന്നായറിയാമെന്ന് കെഎംസിസി നേതാക്കളായ കെ പി മുഹമ്മദ്കുട്ടി, കുഞ്ഞിമോന്‍ കാക്കിയ, അഷ്‌റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദര്‍ ചെങ്കള എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.