റിയാദ്: അഴിമതിയും കെടുകാര്യസ്ഥതയും ധൂര്‍ത്തും കൂത്തരങ്ങായി മാറിയ പൊതു മേഖലാ സ്ഥാപനമാണ് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡെന്ന് (കെഎസ്ഇബി) ആം ആദ്മി പാര്‍ട്ടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. സെലിന്‍ ഫിലിപ്പ്. നൂതന മാര്‍ഗങ്ങളിലൂടെ വൈദ്യതി ഇതര വരുമാനം വര്‍ധിപ്പിക്കാം. ധൂര്‍ത്ത് ഒഴിവാക്കി ചെലവ് ചുരുക്കുകയും ചെയ്യാം. അങ്ങനെ വിലവര്‍ധിപ്പിക്കാതെ തന്നെ കെഎസ്ഇബിയെ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്നും അവര്‍ റിയാദില്‍ പറഞ്ഞു.
വൈദ്യുതി ബോര്‍ഡിലെ അഴിമതിയ്‌ക്കെതിരെ ബോധവത്ക്കരണത്തിന്റെ ഭാഗമായി ‘കെഎസ്ഇബി ജനപക്ഷത്തോ?’ എന്ന വിഷയത്തില്‍ ജനകീയ സംവാദം നവംബര്‍ 30 വൈകീട്ട് 7.30ന് റിയാദ് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ആം ആദ്മി വെല്‍ഫെയര്‍ അസോസിയേഷന്‍ (ആവാസ്) ഭാരവാഹികര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംവാദത്തില്‍ പങ്കെടുക്കാനാണ് ഡോ. സെലിന്‍ ഫിലിപ് റിയാദിലെത്തിയത്. കെഎസ്ഇബി വിഷയത്തില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയ ഷൗക്കത്ത് അലി എരോത്ത് മോഡറേറ്ററായിരിക്കും. സംവാദത്തില്‍ രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രതിനിധികള്‍ പങ്കെടുക്കും.
വര്‍ഷങ്ങളായി ഉന്നയിക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ നടപ്പിലാക്കാന്‍ കഴിയാത്തത് കുറ്റകരമായ അനാസ്ഥയാണ്. അര്‍ദ്ധജുഡീഷ്യല്‍ സ്ഥാപനമായ കേരള സംസ്ഥാന വൈദ്യതി റെഗുലേറ്ററി കമ്മീഷന്‍, വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നതു പഠിക്കാന്‍ കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ പൊതുതെളിവെടുപ്പ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്ത നാലായിരത്തിലധികം ഉപഭോക്താക്കളില്‍ 99 ശതമാനവും ചാര്‍ജ്ജ് വര്‍ധിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇതു പരിഗണിയ്ക്കാതെ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്യുകയാണ് കമ്മീഷന്‍ ചെയ്തത്. പൊതുതെളിവെടുപ്പ് പ്രഹസനം മാത്രമായി മാറിയെന്നും സംഘാടകര്‍ ആരോപിച്ചു.
എല്ലാ ജില്ലകളിലും ജനപങ്കാളിത്തത്തോടെ പൊതുതെളിവെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു ആം ആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വില്‍സന്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ കെടുകാര്യസ്ഥത പ്രവാസി കുടുംബങ്ങള്‍ക്കും ഭാരമാകുന്ന സാഹചര്യത്തിലാണ് റിയാദില്‍ േബാധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ പന്ത്രണ്ടാം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കും. ഇത്തരത്തില്‍ ആദ്യത്തേതാണ് ജനകീയ സംവാദമെന്നും സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഡോ. സെലിന്‍ ഫിലിപ്പിനു പുറമെ ഷൗക്കത്ത് അലി എരോത്ത്, റിയാദ് ആവാസ് കണ്‍വീനര്‍ അബ്ദുല്‍ അസീസ് കടലുണ്ടി, അസീസ് മാവൂര്‍, മുന്‍ കണ്‍വീനര്‍, ഇല്ല്യാസ് പാണ്ടിക്കാട് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.