
റിയാദ്: കൊവിഡ് പൊട്ടിപുറപ്പെട്ടതിന് ശേഷം സൗദി അറേബ്യയില്‍ ഒരു കോടി 87 ലക്ഷം പിസിആര്‍ പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കൊവിഡ് പൂര്‍ണമായും നിയന്ത്രണ വിധേയമാണെന്നും മന്ത്രാലയം അറിയിച്ചു.
ജൂണ്‍ മാസം സൗദിയില്‍ പ്രതിദിനം കൊവിഡ് ബാധിച്ചവരുടെ എണ്ണം 5000 എത്തിയിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗ ബാധിതരുടെ എണ്ണം 96.9 ശതമാനം കുറഞ്ഞു. കൊവിഡ് നിയന്ത്രണ വിധേയമാണെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അല്‍ അബ്ദുല്‍ അലി പറഞ്ഞു.

രാജ്യത്ത് വിതരണം ആരംഭിച്ച കൊവിഡ് വാക്‌സിന്‍ മറ്റു ചില രാജ്യങ്ങളില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച വൈറസിനും ഫലപ്രദാമാണ്. വാക്‌സിന്റെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതിനായി അന്താരാഷ്ട്ര രംഗത്തെ വിദഗ്ദരുമായി മന്ത്രാലയം നിരന്തരം ഏകോപനം നടത്തുന്നുണ്ട്. രാജ്യത്ത് ഹൈ റിസ്‌ക് വിഭാഗത്തിലുളള ഏഴ് ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാമൂഹിക അവബോധവും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനുളള ഉത്തരവാദിത്തവുമാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഡോ. അല്‍ അബ്ദുല്‍ അലി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
