
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും വാക്‌സിന്‍ വിതരണ കേന്ദ്രം ആരംഭിക്കാനുളള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.

സ്വദേശികള്‍ക്കു പുറമെ വിദേശികളും ആരോഗ്യ മന്ത്രാലയത്തിന്റെ സ്വിഹാതി ആപ് വഴി വാക്‌സിന്‍ സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 1.37 ലക്ഷം ആളുകള്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പിന്റെ ആദ്യ ഡോസ് വിതരണം പൂര്‍ത്തിയാക്കി. കൂടുതല്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ രാജ്യത്തെ 13 പ്രവിശ്യകളിലും ആരംഭിക്കും. ഇതിനുളള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ അല്‍ ജൗഫ്, ബാഹ മേഖലകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എട്ട് മേഖലകളില്‍ ഒറ്റ അക്കത്തില്‍ താഴെയാണ് കൊവിഡ് ബാധിതരുടെ എണ്ണം. ഇതുവരെ ഒരു കോടി 12 ലക്ഷം പിസിആര്‍ പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.
അതേസമയം, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കി. പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ ശരീര താപനില പരിശോധിക്കണം. ഇതിന് വിസമ്മതിക്കുന്നവര്‍ക്കെതിരെ 1000 റിയാല്‍ പിഴ ചുമത്തുമെന്നീം മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
