നൗഫല്‍ പാലക്കാടന്‍

റിയാദ്: കൊവിഡ് പശ്ചാത്തലത്തില്‍ മാസ്‌ക് ഉപയോഗിക്കുന്നതും വ്യക്തി ശുചിത്വം പാലിക്കുന്നതും പകര്‍ച്ചവ്യാധികള്‍ ഗണ്യമായി തടയാന്‍ കഴിഞ്ഞതായി സഫ മക്കയിലെ ഡോ.തമ്പാന്‍. കാലാവസ്ഥയില്‍ മാറ്റം സംഭവിക്കുന്ന വേളയില്‍ സാധാരണയായി കണ്ടു വരുന്ന അലര്‍ജി, ശ്വാസ തടസ്സം തുടങ്ങിയ രോഗങ്ങള്‍ കുറഞ്ഞു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആളുകളില്‍ അലര്‍ജിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നത്.

കാലാവസ്ഥ മാറ്റം അറിയിച്ചു കൊണ്ടുള്ള പൊടിക്കാറ്റും മഴയും മുന്‍കാലത്തെ അപേക്ഷിച്ചു ഈ വര്‍ഷം വളരെ കുറവാണ് അനുഭവപ്പെട്ടത്, ഇതു ഒരു പരിധിവരെ രോഗപകര്‍ച്ച കുറക്കാന്‍ കാരണമായിട്ടുണ്ട്. ആളുകള്‍ കൂട്ടമായി താമസിക്കുന്ന ക്യാമ്പുകളിലും തൊഴിലിടങ്ങളിലും പൊതു കക്കൂസ് ഉപയോഗിക്കുന്നതിലുള്ള ജാഗ്രതയും ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയും കാന്റീനുകളും വൃത്തിയായി സൂക്ഷിക്കുന്നതിലും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നത് അണുബാധയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കുറക്കാന്‍ ഇടയാക്കി.
സ്വയം രോഗബാധ ഏല്‍ക്കാതിരിക്കാനും മറ്റുള്ളവരെ രോഗികളാക്കാതിരിക്കാനും ഓരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ട്. പൊതുസ്ഥലങ്ങളില്‍ തുമ്മുമ്പോഴും ചുമക്കുമ്പോഴും ഉമിനീരുള്‍പ്പടെയുള്ള സ്രവങ്ങള്‍ മറ്റുള്ളവരിലേക്ക് തെറിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ നിര്‍ബന്ധമായും കൈ സോപ്പിട്ട് കഴുകണം. ആശുപത്രിയിലേക്ക് പരിശോധനക്കോ ചികിത്സ ആവശ്യത്തിനോ പോകുമ്പോള്‍ അത്യാവശ്യമെങ്കില്‍ മാത്രം സഹായികളെ കൂടെ കൊണ്ട് പോകുക.
ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് ഈ രാജ്യത്തിന്റെ ആരോഗ്യ സുരക്ഷക്ക് കോട്ടം തട്ടാതെ സൂക്ഷിക്കേണ്ട ചുമതല നമ്മുടേതുകൂടിയാണന്നും ഡോക്ടര്‍ തമ്പാന്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
