റിയാദ്: പണക്കൊഴിപ്പിലും സംഘടനാ ശക്തിയിലും സിപിഎംനെ നേരിടാന്‍ കഴിയില്ലെന്ന് കെപിസിസി ജന. സെക്രട്ടറി പഴകുളം മധു. എന്നാല്‍ ജനം അവര്‍ക്കെതാരാണ്. ഇന്നു തെരഞ്ഞെടുപ്പു നടന്നാല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം റിയാദില്‍ പറഞ്ഞു. കെപിസിസി ജന. സെക്രട്ടറി പിഎ സലീമും സന്നിഹിതനായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ മുഴുവന്‍ മേഖലകളിലും അഴിമതിയാണ്. സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. അഞ്ചാം തവണയാണ് പിണറായി സര്‍ക്കാര്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുന്നത്. നികുതികള്‍ വര്‍ധിപ്പിച്ചു. വിലക്കയറ്റം ജനങ്ങളെ പൊറുതിമുട്ടിച്ചിരിക്കുകയാണ്. ടീകോം കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് നഷ്ടപരിഹാരം കൊടുക്കാനാണ് തീരുമാനം. മണിയാര്‍ ജലവൈദ്യുത പദ്ധതി സ്വകാര്യ കമ്പനിയ്ക്കു കൊടുക്കാനുളള അണിയറ നീക്കമാണ് നടക്കുന്നത്. അനര്‍ഹമായി സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയ 1400 സര്‍ക്കാര്‍ ജീവനക്കാരില്‍ മഹാഭൂരിപക്ഷം സിപിഎം അനുഭാവികളാണ്. അതുകൊണ്ടാണ് പേരുവിവരം പുറത്തുവിടാത്തത്.
കേരളത്തോട് പൊതുവേയും പ്രവാസികളോട് പ്രത്യേകിച്ചും കടുത്ത വഞ്ചനയാണ് പിണറായി സര്‍ക്കാര്‍ തുടരുന്നത്. പ്രവാസികള്‍ നേരിടുന്ന മുഴുവന്‍ പ്രശ്‌നങ്ങളും മുഖ്യമന്ത്രിക്കു അറിയാം. ഒന്നാം പിണറായി സര്‍ക്കാര്‍ ദുബായില്‍ പ്രവാസി സംഗമം നടത്തി ഇതെല്ലാം വിശദീകരിച്ചു. എന്നാല്‍ ഒരു വാഗ്ദാനവും നിറവേറ്റാന്‍ കഴിഞ്ഞില്ല. ലോക കേരള സഭ അഴിമതിയും ധൂര്‍ത്തുമാണ്. നൂറു രൂപയുടെ പ്രാതലിന് 500 രൂപയെഴുതി കേരളത്തെ കൊളളയടിക്കാനാണ് സഭ കൂടുന്നത്. സിപിഎംലെ ചിലരെ ഉള്‍ക്കൊളളിക്കാനുളള വേദിമാത്രമാണ്. ഇതുവരെ നടന്ന ലോക കേരള സഭയില്‍ എന്തു നേട്ടമാണ് പ്രവാസികള്‍ക്കുണ്ടായതെന്നും പഴകുളം മധു ചോദിച്ചു.
സിപിഎംന് ഇടതു സ്വഭാവം നഷ്ടപ്പെട്ടതായി പിഎ സലിം പറഞ്ഞു. കേഡര്‍ വോട്ടുകൊണ്ടുമാത്രം ഒരു പാര്‍ട്ടിയും അധികാരത്തിലെത്തില്ല. ഇതുനഷ്ടപ്പെട്ടതുകൊണ്ടാണ് ഇടതുകോട്ടകളെന്നു വിശേഷിപ്പിച്ച ധര്‍മ്മടം ഉള്‍പ്പെടെ കണ്ണൂരില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേട്ടമുണ്ടാക്കിയത്. ഇടതുമുന്നണിയുടെ മണ്ണു ചോര്‍ന്നുപോവുകയാണ്. സിപിഎമ്മിന്റെ ഉള്‍പ്പാര്‍ട്ടി കലഹങ്ങള്‍ ചരിത്രത്തിലാധ്യമായി തെരുവു യുദ്ധങ്ങളായി മാറി. ആശയത്തിലും സംഘടനാ തലത്തിലും സിപിഎം പ്രതിസന്ധിയിലാണ്. ന്യൂനപക്ഷ പ്രീണനം നടത്തിയവര്‍ ഇപ്പോള്‍ ഭൂരിപക്ഷ പ്രീണനമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സൗദിയിലെ ഒഐസിസി സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇരുവരും റിയാദിലെത്തിയത്. വിവിധ പ്രവിശ്യകളിലെ റീജിയനല്‍ കമ്മറ്റികളുമായും പ്രവര്‍ത്തകരുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ ഒഐസിസി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് ബിജു കല്ലുമല, റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അബ്ദുല്ലാ വല്ലാഞ്ചിറ, ജന. സെക്രട്ടറി ഫൈസല്‍ ബാഹസന്‍, വൈസ് പ്രസിഡന്റ് സലിം കളക്കര എന്നിവരും സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.