Sauditimesonline

siddiq thuvoor
അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നു സിദ്ദീഖ് തുവ്വൂരിന്റെ 'മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍'

ലോകം കൈയടിച്ച ഫാത്തിമയുടെ ‘സേഫ് പ്ലേസ്’

റിയാദ്: പ്രവാസ മണ്ണില്‍ അറിവിന്റെയും സര്‍ഗാത്മകതയുടെയും പുതിയ അധ്യായം രചിച്ചു മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി ഫത്തിമ സെഹ്‌റ സമീര്‍. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്ന് തയ്യാറാക്കിയ ഏറ്റവും വലിയ ‘മള്‍ട്ടിനാഷണല്‍ സ്റ്റുഡന്റ് ആന്തോളജി’ എന്ന വേള്‍ഡ് റെക്കോര്‍ഡ് നേട്ടത്തില്‍ പങ്കാളിയായിരിക്കുകയാണ് സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്ന ആലപ്പുഴ കായംകുളം സ്വദേശിനി. യുനസ്‌കോ, യുഎഇ വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ അനുമോദനവും നേടി.

‘വിസ്‌പേഴ്‌സ് ഓഫ് വാന്‍ഡര്‍ലസ്റ്റ്’ എന്ന സാഹിത്യ സമാഹാരത്തില്‍ ‘സേഫ് പ്ലേസ്’ എന്ന ചെറുകഥയാണ് ഫാത്തിമ സെഹ്‌റയെ ആഗോള നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. ഇരുട്ടിനെ ഒഴിവാക്കിയല്ല, മറിച്ച് അതിനുള്ളിലും അതിനു അപ്പുറവും ജീവിക്കാന്‍ പഠിക്കുമ്പോഴാണ് വെളിച്ചം കണ്ടെത്താനാകുന്നത് എന്ന പ്രമേയമാണ് സേഫ് പ്ലേസ് വിശദീകരിക്കുന്നത്. ജീവിതത്തിലെ പ്രയാസങ്ങളെയും, ദുഃഖങ്ങളെയും, പ്രതിസന്ധികളെയും ഭയന്നോടരുത്. അവയെ പൂര്‍ണ്ണമായും ജീവിതത്തില്‍ നിന്ന് നീക്കം ചെയ്തല്ല സമാധാനം കണ്ടെത്തേണ്ടത്. പ്രയാസങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞ്, അവയ്ക്ക് നടുവില്‍ പതറാതെ നില്‍ക്കാനും, പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് പോകാനും പഠിക്കുമ്പോഴാണ് യഥാര്‍ത്ഥ സന്തോഷവും വെളിച്ചവും ലഭിക്കുന്നതെന്ന സന്ദേശമാണ് ‘സേഫ് പ്ലേസ്’ പങ്കുവെക്കുന്നത്.

60 രാജ്യങ്ങളില്‍ നിന്നുള്ള 66 യുവ എഴുത്തുകാരുടെ തൂലികയില്‍ പിറന്ന അപൂര്‍വ്വ സാഹിത്യ സൃഷ്ടി കഴിഞ്ഞ വര്‍ഷം നവംബറില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് പ്രകാശനം ചെയ്തത്. സാഹിത്യത്തിലൂടെ ലോകത്തെ കോര്‍ത്തിണക്കിയ ഉദ്യമം, യുവതലമുറയുടെ സര്‍ഗാത്മകതയുടെ ഉജ്ജ്വല പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, ഓരോ രാജ്യത്തെയും ആചാരം, സംസ്‌കാരം, പൈതൃകം എന്നിവ കൈമാറുന്നതാണ് യുവപ്രതിഭകളുടെ രചനകള്‍. ഒരു വര്‍ഷം സമയം എടുത്ത് കണ്ണൂര്‍ സ്വദേശി എംഒ രഘുനാഥാണ് പുസ്തകം തയ്യാറാക്കിയത്.

റിയാദില്‍ റൊയ്‌ബെക് ട്രാവത്സ് മാനേജര്‍ സമീര്‍ കാസ്സിം കോയയുടെയും അധ്യാപികയും എഴുത്തുകാരിയുമായ നിഖില സമീറിന്റെയും മകളാണ്. സഹല സമീര്‍, സിമാം ബിന്‍ സമീര്‍ സഹോദരങ്ങളാണ്. ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കിയ ഫാത്തിമ സെഹ്‌റ എല്‍കെജി മുതല്‍ പ്ലസ് ടൂ വരെ റിയാദിലാണ് പഠിച്ചത്. ചിത്രകലയിലും അറബിക് കാലിഗ്രഫിയിലും പ്രതിഭ തെളിയിച്ചിട്ടുളള ഫാത്തിമ ഉസ്‌ബെകിസ്ഥാനിലെ ബുഖാറ സ്‌റ്റേറ്റ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ത്ഥിനിയാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top