ബഹിരാകാശ സഞ്ചാരികളെ സ്വീകരിച്ച് കിരീടാവകാശി

റിയാദ്: സൗദി ബഹിരാകാശ ദൗത്യത്തില്‍ പങ്കാളികളാകുന്നവര്‍ക്ക് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വീകരണം ഒരുക്കി. ബഹിരാകാശ യാത്രക്ക് ഒരുങ്ങുന്ന ആദ്യ അറബ് വനിത റയ്യാന ബര്‍നാവിയും സംഘത്തിലുണ്ടായിരുന്നു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുളള സൗദി ബഹിരാകാശ സഞ്ചാരികളായ റയ്യാന ബര്‍നാവി, അലി അല്‍ഖര്‍നി, മറിയം ഫിര്‍ദൂസ്, അലി അല്‍ഗംദി എന്നിവരെയാണ് കിരീടാവകാശി സ്വീകരിച്ചത്.

റയ്യാന ബര്‍നാവിയും അലി അല്‍ഖര്‍നിയും മെയ് മാസത്തില്‍ ആക്‌സിയം സ്‌പേസിന്റെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശയാത്രിക ദൗത്യത്തില്‍ പങ്കാളികളാണ്. ബഹിരാകാശത്ത് എത്തുന്ന ആദ്യത്തെ മുസ്ലീം, സൗദി, അറബ് വനിതയായിരിക്കും റയ്യാന ബര്‍നാവി. ബഹിരാകാശയാത്രികര്‍ സൗദി ജനതയുടെ കഴിവുകളെയും അഭിലാഷങ്ങളെയുമാണ് പ്രതിനിധീകരിക്കുന്നതെന്ന് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

പാരിസ്ഥിതിക ആരോഗ്യം, സുസ്ഥിരത എന്നീ മേഖലകളില്‍ നടത്തേണ്ട ഗവേഷണങ്ങള്‍ പുതിയ ചക്രവാളങ്ങള്‍ തുറക്കും. ബഹിരാകാശത്ത് എത്തുന്ന സൗദി യാത്രികര്‍ രാജ്യത്തെിന്റെ അംബാസഡര്‍മാരാണെന്നും അദ്ദേഹം പറഞ്ഞു. മെയ് 8ന് ഫ്‌ളോറിഡയിലെ കേപ് കലാവറിലുളള കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് ഇവരുടെ ബഹിരാകാശ യാത്ര നിശ്ചയിച്ചിട്ടുളളത്.

Leave a Reply