റിയാദ്: അന്താരാഷ്ട്ര ദീര്‍ഘദൂര കാറോട്ട മത്സരം ദകാര്‍ റാലി ആരംഭിച്ചു. ദുര്‍ഘട പാതയിലൂടെ 7,600 കിലോ മീറ്റര്‍ ദൂരത്തിലാണ് മത്സര ഓട്ടം. റാലിയുടെ ഉദ്ഘാടനം ജിദ്ദ ഗവര്‍ണര്‍ പ്രിന്‍സ് മിഷാല്‍ ബിന്‍ മജീദിന്റെയും കായിക മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസലിന്റെയും സാന്നിധ്യത്തില്‍ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വനിതകള്‍ ഉള്‍പ്പെടെ 501 മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. 16 വനിതകളില്‍ സൗദി താരങ്ങളായ ദാനിയ അഖീല്‍, മശായെല്‍ അല്‍ ഒബൈദാന്‍ എന്നിവരും ഉള്‍പ്പെടും.
സൗദി ഓട്ടോമൊബൈല്‍, മോട്ടോര്‍സൈക്കിള്‍ ഫെഡറേഷന്‍ എന്നിവയുമായി സഹകരിച്ച ഏകോപിപ്പിച്ച് കായിക മന്ത്രാലയമാണ് റാലി സംഘടിപ്പിക്കുന്നത്. 12 ഘട്ടങ്ങളിലായി മത്സരാര്‍ത്ഥികള്‍ 10 നഗരങ്ങളും താഴ്‌വരകളും ദുര്‍ഘട പാതകളും കടന്ന് 7600 കിലോ മീറ്റര്‍ സഞ്ചരിക്കും.
കാറുകള്‍, മോട്ടോര്‍സൈക്കിളുകള്‍, ക്വാഡ് മോട്ടോര്‍സൈക്കിളുകള്‍, ട്രക്കുകള്‍, ലൈറ്റ് ഡെസേര്‍ട്ട് വാഹനങ്ങള്‍ എന്നിവയാണ് റാലിയില്‍ അണിനിരക്കുന്നത്. ജിദ്ദയില്‍ നിന്ന് ആരംഭിച്ച് റിയാദ് ഉള്‍പ്പെടെ പ്രധാന പ്രവിശ്യകളില്‍ സഞ്ചാരം പൂര്‍ത്തിയാക്കി 13 ദിവസകൊണ്ട് ജിദ്ദയില്‍ മടങ്ങിയെത്തുന്ന വിധമാണ് മത്സരം ക്രമീകരിച്ചിട്ടുളളത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.