
റിയാദ്: ഗള്‍ഫ് ഉച്ചകോടിക്ക് വേദിയാകുന്ന സൗദിയിലെ പൈതൃക നഗരമായ അല്‍ ഉലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മിറര്‍ ഗ്ലാസ് ഉപയോഗിച്ച് മോടിപിടിപ്പിച്ചതിന് ഗിന്നസ് റക്കോഡ് നേടിയ ‘മറായ’ കെട്ടിട സമുച്ചയത്തിലാണ് നാല്പത്തിയൊന്നാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടി.
യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ പുരാതന സ്മാരകങ്ങളും നാഗരികതകളുമാണ് അല്‍ ഉലയുടെ പ്രത്യേകത. ആദ്യമായാണ് രാജ്യാന്തര സമ്മേളനത്തിന് അല്‍ ഉല വേദിയാകുന്നത്. ഗ്ലാസ് ഉപയോഗിച്ച് മോടികൂട്ടിയ ലോകത്തെ ഏറ്റവും വലിയ കെട്ടിട സമുച്ചയം മറായ കോംപ്ലക്‌സില്‍ ഗള്‍ഫ്‌രാഷ്ട്ര തലവന്‍മാരെ വരവേല്‍ക്കാനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാഷ്ട്ര തലവന്‍മാര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും സഞ്ചരിക്കാന്‍ കഴിഞ്ഞ ദിവസം പ്രോടോകോള്‍ കാറുകളും അല്‍ ഉലയില്‍ എത്തിച്ചിരുന്നു.

ജനുവരി 5ന് നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീറിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഔദ്യോഗിക ക്ഷണ പത്രം കൈമാറിയിരുന്നു. മൂന്നര വര്‍ഷമായി തുടരുന്ന ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുമെന്ന പ്രതീക്ഷയാണ് ഉച്ചകോടിയെ ശ്രദ്ധേയമാക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
