Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

തണല്‍ തരുന്ന സുബര്‍ക്കം

നിഖില സമീര്‍

വാത്സല്യം, സൗഹൃദം, ലാളന തുടങ്ങിയ വികാരങ്ങള്‍ അനുഭവിക്കാന്‍ കഴിയുക. ശാസന, ഉപദേശം, മാര്‍ഗനിര്‍ദേശം തുടങ്ങിയ ശിക്ഷണങ്ങള്‍ നേടാന്‍ സാധിക്കുക. ഇത്തരം രുചിക്കൂട്ട് പകര്‍ന്നു തന്ന ഉപ്പത്തണലിലാണ് ജീവിതത്തിന്റെ ആണ്‍ രുചിയും പ്രണയവും ആദ്യമായി നുകര്‍ന്നത്.

ഏതൊരു മകളുടേയും ആദ്യ പ്രണയം അവളുടെ പിതാവാകും. കുഞ്ഞായിരിക്കുമ്പോള്‍ അവളുടെ സൂപ്പര്‍ഹീറോ. തിരിച്ചറിവുവെക്കുന്ന പ്രായത്തില്‍ തോളിലേറി നടക്കാനുള്ള കളിക്കൂട്ടുകാരന്‍. വല്യ പെണ്ണായി എന്ന നിഷ്‌കര്‍ഷ കാലത്തിലും പുറം ചെറിയാനുംപുറത്തേറാനും നഖം വെട്ടാനും സൈക്കിള്‍ സവാരി പഠിക്കാനുമൊക്കെ കൂട്ടായിരുന്ന മുതിരാത്ത പയ്യന്‍. കൗമാര കൗതുകങ്ങള്‍ കത്തി നില്‍ക്കുന്നകാലം. വഴിയിലൂടെ പോകുമ്പോള്‍ കിട്ടുന്ന കമെന്റുകളുടെ രാസവിദ്യയും മൂലകങ്ങളും വേര്‍തിരിച്ചെടുക്കാന്‍ സഹായിക്കുന്ന ഉറ്റ ചങ്ങാതി. വല്ലപ്പോഴും വീണുകിട്ടുന്ന പ്രവാസ അവധി ദിനങ്ങളില്‍ ‘ചേതക് ‘സ്‌കൂട്ടറിന് സ്പീഡ് പോരെന്നു പറഞ്ഞു സവാരിയുടെ ഹരം നുകരാനുള്ള സഹയാത്രികന്‍.

ആദ്യ മഴ ഉണര്‍ത്തുന്ന പുതുമണ്ണിന്റെ ഗന്ധം ആസ്വദിക്കാന്‍ പാതിരാവോളം പൂമുഖ വാതിലടക്കാതെ കൂട്ടിരിക്കുന്ന കുറുമ്പിന്റെ കൂട്ട്. പാചക വിദ്യകളുടെ രസതന്ത്രജ്ഞന്‍. പത്താം തരം പരീക്ഷാക്കാലത്തേക്കു അവധി ഒരുക്കൂട്ടിയെടുത്തണഞ്ഞു പാതിരാവോളമുള്ള കൂട്ടിരിപ്പ്.

നേരം വെളുത്തു തുടങ്ങുന്നോയെന്നു അലാറമില്ലാതെ ഇടയ്ക്കിടെ ഉണര്‍ന്നുനോക്കി കൃത്യം അഞ്ച് മുതല്‍ അലാറമായി തലോടി ഉണര്‍ത്തുന്ന വേവലാതിക്കാരന്‍. പ്രാതലിന് ഇഷ്ടമുള്ള വിഭവം തന്നെ നന്നായി കൊടുത്തു വേണം പരീക്ഷക്കായ്ക്കാണെന്ന് ഉമ്മിയെ നിഷ്‌കര്‍ഷിക്കുന്ന കരുതല്‍. ബസ് കാത്തുനിന്ന് നഷ്ടപ്പെടുത്തേണ്ട നേരമല്ല പരീക്ഷ പുലരികളെന്ന് പറഞ്ഞു കൂട്ടാളികളെയുമെന്നെയും കൃത്യസമയത്തു സ്‌കൂളിലേക്കെത്തിച്ചു ആകാംഷയോടെ വെളിയില്‍ കാത്തിരുന്ന ഉപ്പക്കാലം.

മകളുടെ വിവാഹദിവസശേഷം എത്രയൊ രാവുകള്‍ നിദ്രാവിഹീനമായി തള്ളിനീക്കിയ ഉപ്പക്കാലങ്ങള്‍ ഇന്നും പെയ്‌തൊഴിയാത്ത ഓര്‍മ്മത്തുള്ളികളാണ്. മകളെഅയച്ച വീട്ടിലേക്കു അതിരാവിലെ എന്തൊക്കെയോ ഒഴിവുകഴിവുകളുടെ ബലത്തില്‍ തന്നെ സന്ദര്‍ശനം നടത്തിയ വേവലാതി പൂണ്ട പിതൃമനം.

കണ്ണും കയ്യുമെത്തുന്ന ദൂരത്തു തന്നെ മക്കള്‍ സുരക്ഷിതരായിരിക്കണമെന്ന സമാനതകളില്ലാത്ത കരുതല്‍. മക്കളുടെ ഭാവിയെക്കുറിച്ചുള്ള ദീര്‍ഘദര്‍ശനം.

ഉപ്പയുടെ സഹനങ്ങള്‍, ത്യാഗങ്ങള്‍, ക്ഷമയാണിന്നും തണല്‍ മേഘം പോലെ കൂടെയുള്ളത്. വ്യത്യസ്തമായി, വ്യതിരിക്തമായി ചിന്തിക്കുന്ന, ചിന്തയിലെത്തുന്നത് വേഗം പ്രാവര്‍ത്തികമാക്കുന്ന, അതിനായി ആത്മാര്‍ത്ഥതയുടെ ആകെയളവും ഉപയോഗപ്പെടുത്തുന്ന നിര്‍മല ഋജു മനസ്‌കനായിരുന്നെന്റുപ്പ.

പഠനകാലഘട്ടം മുതല്‍ ഉപ്പ അനുഭവിച്ച ത്യാഗചരിതങ്ങള്‍ ഞങ്ങള്‍ മക്കള്‍ക്ക് മാത്രമല്ല സുഹൃത്തുക്കള്‍ക്കും മനഃപാഠംആയിരുന്നു. സ്വാര്‍ത്ഥതയുടെ തരിമ്പും ഏശാത്ത വ്യക്തിത്വം. ഉള്‍ ആത്മീയതയുടെ നൈര്‍മല്യം ആവോളം നിറഞ്ഞു നിന്ന സൗമ്യ സാമീപ്യം. ഉപ്പയുടെ പ്രണയം എന്നും ഒരൊറ്റ മണ്ണിനോട് മാത്രമായിരുന്നു. ഉപ്പയുടെ അന്ത്യ വിശ്രമവും ആ മണ്ണില്‍ തന്നെ ആയി. പ്രണയതീവ്രതയുടെ അഗാധത എത്ര സത്യമാണെന്നു തെളിയിക്കുന്ന ജീവിത സത്യം! അതുതന്നെയാണ് മദീനയെന്ന മണ്ണില്‍ ഹൃദയം അലിഞ്ഞു ചേരാനുള്ള കാരണവും.

ഏറെ വാചാലനായിരുന്ന ഉപ്പയുടെ ഹൃദയം കാപട്യങ്ങള്‍ തീണ്ടാത്ത പുണ്യ ദേശമായിരുന്നു. പോയിട്ടും പോകാത്ത, കഴിഞ്ഞിട്ടും പറഞ്ഞുവിടാത്ത ആ നിര്‍മ്മല സ്‌നേഹത്തിലേക്ക് എത്രമേല്‍ ഉരുകി വീണാലാണ് മതിയാകുക.

ഉപ്പയെന്ന ജീവിതം എത്ര പുസ്തകത്തിലൊതുക്കിയാലാണ് എഴുതിത്തീരുക എന്ന ചോദ്യത്തിന് പതിവുപോലൊരു ചിരിയാകും എന്നും മറുപടികിട്ടിയിരുന്നത്. അത്രമേല്‍ ത്യാഗഭരിതമായ സ്‌നേഹമേ… പാര്‍ത്ഥനയുടെ ഊര്‍ജ്ജപ്രവാഹമായി എന്നും സുരക്ഷിതകവചം പോലെ അനുഭവപ്പെടുന്ന പുണ്യമേ… ജീവിത പ്രതിസന്ധികളിലും വേവിലും അന്നുമിന്നും നിറയുന്ന ഊര്‍ജ്ജപ്രവാഹമേ… എന്നെന്നും സ്വന്തമായ പ്രാണനേ… തണല്‍ തരുന്ന സുര്‍ക്കമേ… പ്രാര്‍ത്ഥനകള്‍!

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top