
ദമ്മാം: ചായക്കടയിലെ സൗഹൃദം സ്‌നേഹബന്ധമായി വളര്‍ന്ന് ഗള്‍ഫ് മലയാളികളുടെ ഹൃദയങ്ങളില്‍ പുതിയൊരു തുടക്കമാവുന്നു. ദമ്മാം ലുലു മാളിലെ ‘ഡ്രീം ചായ’ക്കടയില്‍ ഒത്തു ചേര്‍ന്ന മലയാളികളുടെ പരിചയമാണ് ദമ്മാം കള്‍ച്ചറല്‍ കണക്ട് (ഡിസിസി) എന്ന സംഘടനയായി രൂപം കൊണ്ടത്. അംജദ് മലപ്പുറം, അന്‍ഷാദ് അബ്ദുല്‍ അസീസ്, താജു അയ്യാരില്‍, ബിജു മുണ്ടക്കയം, നബീല്‍ പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന ചായക്കട സംഭാഷണമാണ് കൂട്ടായ്മയുടെ വിത്ത്.

കേരളപിറവി ദിനത്തില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ച് ഔദ്യോഗികമായാണ് സംഘടനയുടെ പേര് പ്രഖ്യാപിച്ചത്. അന്‍ഷാദ് അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞു. സംഘടനയുടെ ലക്ഷ്യങ്ങള്‍ അംജദ് മലപ്പുറം വിശദീകരിച്ചു. താജു അയ്യാരില്‍, ബിജു മുണ്ടക്കയം, നബീല്‍ പറമ്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചിരിയും ചിന്തയും നിറഞ്ഞു നിന്ന ചടങ്ങ് മേഘവര്‍ഷിണിയുടെ മധുരഗാനം കൂടി ചേര്‍ന്നപ്പോള്‍ സംഗീതമഴ പെയ്യിച്ചതുപോലെ പരിപാടിക്ക് മനോഹാരിത പകര്‍ന്നു.

പരിപാടിയില്‍ സ്ത്രീകളുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. പങ്കെടുത്തവരില്‍ പകുതിയും സ്ത്രീകളായിരുന്നു. അവരുടെ ആവേശഭരിതമായ പങ്കാളിത്തം വേദിക്ക് നിറവും ചൈതന്യവും പകര്‍ന്നു. സൗഹൃദത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായി അവര്‍ നിലകൊണ്ടു.
കേരളത്തിന്റെ ചായക്കട സൗഹൃദ സംസ്‌കാരത്തെ ഗള്‍ഫ് നാടുകളിലും പുനര്‍സൃഷ്ടിച്ച ഡിസിസി, ഇനി വിനോദം, വിജ്ഞാനം, സാമൂഹിക ഉത്തരവാദിത്വം എന്നീ മൂല്യങ്ങള്‍ ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലേക്കാണ് നീങ്ങുന്നത്. കുട്ടികളിലും മുതിര്‍ന്നവരിലും സൃഷ്ടിപരമായ ചിന്തകള്‍ ഉണര്‍ത്തുന്ന പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.






