റിയാദ്: സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ വധശിക്ഷ കാത്ത് റിയാദ് ജെയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. ദിയാ ധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ സന്നദ്ധത അറിയിച്ച് മരിച്ച അനസ് അല്‍ ശഹ്‌രിയുടെ കുടുംബം റിയാദ് ഗവര്‍ണറേറ്റില്‍ അനുരജ്ഞന കരാര്‍ ഒപ്പുവെച്ചിരുന്നു. 15 മില്യണ്‍ റിയാലിന്റെ ചെക്ക് ഉള്‍പ്പെടെ ഗവര്‍ണര്‍ സാക്ഷ്യപ്പെടുത്തിയ കരാര്‍ ജൂണ്‍ 11ന് റിയാദ് ക്രിമിനല്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഇത് ഇന്നാണ് കോടതി പരിഗണിച്ചത്. രേഖകള്‍ പരിശോധിച്ചതിന് ശേഷമാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടത്. ഉത്തരവ് ഉടന്‍ ഗവര്‍ണറേറ്റിന് കൈമാറും. ഇരുകക്ഷികളുടെയും പ്രതിനിധികള്‍ കോടതിയില്‍ ഹാജരായിരുന്നു. റഹീമിനെ ഓണ്‍ലൈനിലാണ് ഹാജരാക്കിയത്.
ഗവര്‍ണറേറ്റിന് കോടതി ഉത്തരവ് കൈമാറുന്നതോടെ കോടതി നടപടികള്‍ അവസാനിക്കും. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ റഹീം മോചിതനാകും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.