Sauditimesonline

saudia passengers
സൗദിയിലേക്ക് നേരിട്ടു സര്‍വീസ്: തിരുവനന്തപുരം വിമാനത്താവളത്തിന് 'പോയിന്റ് ഓഫ് കോള്‍' പദവി നല്‍കണം

സൗദിയിലേക്ക് നേരിട്ടു സര്‍വീസ്: തിരുവനന്തപുരം വിമാനത്താവളത്തിന് ‘പോയിന്റ് ഓഫ് കോള്‍’ പദവി നല്‍കണം

റിയാദ്: ദക്ഷിണ കേരളത്തിലെയും തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളിലെയും സൗദി പ്രവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് സൗദി എയര്‍ലൈന്‍സിന്റെ ‘പോയിന്റ് ഓഫ് കോള്‍’ പദവി നല്‍കണമെന്ന് തിരുവനന്തപുരം സൗദി പാസഞ്ചേഴ്‌സ് ഫോറം ആവശ്യപ്പെട്ടു. വിദേശ വിമാനക്കമ്പനിക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ സര്‍വീസ് നടത്താന്‍ കേന്ദ്ര സര്‍ക്കാരും വിദേശ രാജ്യങ്ങളും തമ്മില്‍ ഒപ്പുവെക്കുന്ന കരാറാണ് ‘പോയിന്റ് ഓഫ് കോള്‍’. സൗദിയ, ഫ്‌ളൈനാസ് എന്നീ സൗദിയിലെ വിമാനക്കമ്പനികള്‍ക്ക് കൊച്ചിയും കോഴിക്കോടും ‘പോയിന്റ് ഓഫ് കോള്‍’ ആണ്. എന്നാല്‍, തിരുവനന്തപുരം ഇപ്പോഴും പട്ടികയ്ക്ക് പുറത്താണ്. അതുകൊണ്ടുതന്നെ സൗദി വിമാനങ്ങള്‍ക്ക് തിരുവനന്തപുരത്തേക്ക് റൂട്ട് അനുവദിക്കാന്‍ വ്യോമയാന മന്ത്രാലയം കരാര്‍ പുതുക്കേണ്ടി വരും. 2019 വരെ ജിദ്ദ, റിയാദ്തിരുവനന്തപുരം റൂട്ടില്‍ സൗദി എയര്‍ലൈന്‍സ് നേരിട്ട് സര്‍വീസ് നടത്തിയിരുന്നു. ഇതു നിര്‍ത്തലാക്കിയതോടെ ദക്ഷിണ കേരളത്തിലെ അഞ്ച് ജില്ലകളില്‍ നിന്നുള്ളവരും തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി അടക്കമുള്ള ജില്ലകളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികളുമാണ് ദുരിതത്തിലായത്.

സൗദിയിലെ സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ക്ക് ഔദ്യോഗിക യാത്രകള്‍ക്ക് സൗദിയ ടിക്കറ്റുകളാണ് ലഭിക്കുന്നത്. നേരിട്ടുള്ള സര്‍വീസ് വരുന്നത് ഇവര്‍ക്ക് ഏറെ പ്രയോജനപ്പെടും. 30 മുതല്‍ 45 ദിവസം വരെ മാത്രം വാര്‍ഷിക അവധി ലഭിക്കുന്ന പ്രവാസികള്‍ക്ക് കണക്ഷന്‍ സര്‍വീസുകള്‍ മൂലമുണ്ടാകുന്ന ദിവസങ്ങളുടെ നഷ്ടം വലിയ തിരിച്ചടിയാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കും രോഗികള്‍ക്കും കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്കും നേരിട്ടുള്ള സര്‍വീസ് ആശ്വാസമാകുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം, സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി എന്നിവര്‍ക്ക് ഫോറം നിവേദനം നല്‍കി. അഡ്വ. അടൂര്‍ പ്രകാശ് എം.പി വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ട്. കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്കും ഇരു സംസ്ഥാനങ്ങളിലെയും എം.പിമാര്‍ക്കും നിവേദനം സമര്‍പ്പിച്ചു. ഇന്ത്യന്‍ എംബസി അധികൃതരുമായും സൗദിയ പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചകളില്‍ അനുകൂല നിലപാടാണ് ലഭിച്ചതെന്നും, കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ സര്‍വീസ് ആരംഭിക്കാന്‍ സൗദിയ സന്നദ്ധമാണെന്ന് അറിയിച്ചതായും ഭാരവാഹികള്‍ പറഞ്ഞു.

കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങള്‍ക്ക് നല്‍കിയ പരിഗണന സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തിനും നല്‍കണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഫോറം ഭാരവാഹികളായ ഷഹാബ് കൊട്ടക്കാട്, ഡോ. അബ്ദുല്‍ അസീസ്, അലക്‌സ് കൊട്ടാരക്കര, ബഷീര്‍ കോട്ടയം, ഷംനാദ് കരുനാഗപ്പള്ളി, ഷാജു പത്തനാപുരം എന്നിവര്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top