റിയാദ്: സൗദിയില്‍ ഞായറാഴ്ച ആരംഭിക്കുന്ന ആഭ്യന്തര വിമാന യാത്രയുടെ ടിക്കറ്റ് നിരക്കില്‍ 80 ശതമാനം വര്‍ധനവ് ഉണ്ടാകുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. മൂന്ന് ഘട്ടങ്ങളായാണ് സര്‍വീസ് പുനരാരംഭിക്കുന്നതെന്നും അതോറിറ്റി വ്യകതമാക്കി. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. സുരക്ഷിതമായ യാത്രക്ക് ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അതോറിറ്റി വക്താവ് ഇബ്രാഹിം അല്‍ റോസ പറഞ്ഞു.
മൂന്ന് ഘട്ടങ്ങളായി ആഭ്യന്തര വിമാന സര്‍വീസ് സാധാരണ നിലയിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടം ഞായറാഴച ആരംഭിക്കും. 60 സര്‍വീസുകളാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ഒരു മാസത്തിനകം മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കുകയാണ് ലക്ഷ്യം.
ആവശ്യമായ പ്രതിരോധ നടപടികള്‍ വിമാനത്താവളങ്ങളില്‍ സ്വീകരിച്ചിട്ടുണ്ട്. ഓരോ സര്‍വീസിന് ശേഷവും വിമാനം അണുവിമുക്തമാക്കും. സുരക്ഷിതമായ യാത്ര ഉറപ്പു വരുത്തുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങളള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി യാത്രക്കാരെ അറിയിക്കുന്നുമുണ്ട്.
ആഭ്യന്തര വ്യോമ മേഖലയിലെ ആവശ്യം നിറവേറ്റുന്നതിന് എയര്‍പോര്‍ട്ടുകള്‍, എയര്‍ കാരിയറുകള്‍, സിവില്‍ ഏവിയേഷന്‍ രംഗത്തെ കമ്പനികള്‍ എന്നിവയുമായി ഏകോപനം നടത്തിയാണ് സര്‍വീസ് ആരംഭിക്കുന്നതെന്നും ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.