
റിയാദ്: തലസ്ഥാന നഗരിയില്‍ ഡ്രൈവ് ത്രൂ കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വാഹനങ്ങളിലെത്തുന്നവര്‍ക്കു പുറത്തിറങ്ങാതെ സാമ്പിള്‍ ശേഖരിക്കാന്‍ ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. മലസ്, എയര്‍പോര്‍ട് ഗേറ്റ്, ദര്‍ഇയ്യ എന്നിവിടങ്ങളിലാണ് ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ ആരംഭിച്ചത്. രാവിലെ 9 മുതല്‍ രാത്രി 12 വരെ സാമ്പിള്‍ ശേഖരിക്കും. ദിവസവും 7000 സാമ്പിളുകള്‍ ശേഖരിക്കുന്നതിനും പരിശോധിക്കുന്നതിനും ആവശ്യമായ ക്രമീകരണമാണ് ഒരുക്കിയിട്ടുളളത്.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ സ്വകാര്യ വാഹനങ്ങളിലാണ് കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിലെത്തേണ്ടത്.
പരിശോധനക്കെത്തുന്നവരെ വാഹനങ്ങളില്‍ ഇരുത്തി ഒന്നര മിനുട്ടിനകം സാമ്പിള്‍ ശേഖരിക്കും. മൂന്നു ദിവസത്തിനകം പരിശോധനാ ഫലം എസ് എം എസ് സന്ദേശമായി ലഭിക്കും.
കൊവിഡ് രോഗലക്ഷണമില്ലാത്തവര്‍ക്കും ഡ്രൈവ് ത്രൂ കേന്ദ്രത്തില്‍ പരിശോധനക്ക് അവസരം ഉണ്ട്. ഇതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ് സിഹത്തി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അപ്പോയ്ന്റ്‌മെന്റ് നേടണമെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
