റിയാദ്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തകനും അന്താരാഷ്ട്ര എനര്‍ജി ഫോറം ഉദ്യോഗസ്ഥനുമായ ഇബ്രാഹിം സുബ്ഹാന്‍ വീണ്ടും ലോക കേരള സഭാ അംഗം. രണ്ടാം തവണയാണ് ഇബ്രാഹിം സുബ്ഹാനെ തെരഞ്ഞെടുക്കുന്നത്. പ്രവാസി പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പ്രവാസി ക്ഷേമത്തിനും സംസ്ഥാനത്തിന്റെ വികസനത്തിനും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര എനര്‍ജി ഫോറത്തിലെ അനുഭവങ്ങളും വിവിധ രാഷ്ട്രങ്ങളില്‍ നടന്ന അന്താരാഷ്ട്ര ഏജന്‍സികളുടെ സമ്മേളനങ്ങളില്‍ നിന്നു നേടിയ അറിവുകളും കേരളത്തിനു പകര്‍ന്നു നല്‍കാന്‍ ലോക കേരള സഭാ അംഗത്വം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉക്രൈനില്‍ മെഡിക്കല്‍ പഠനം മുടങ്ങിയ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് വര്‍ഷം നഷ്ടപ്പെടാതെ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് വിശദമായ രൂപരേഖ ലോക കേരള സഭയില്‍ സമര്‍പ്പിക്കുമെന്ന് ഇബ്രാഹിം സുബ്ഹാന്‍ സൗദിടൈംസിനോട് പറഞ്ഞു. സൗദിയില്‍ പ്രവാസികളായി നിരവധി വിദ്യാര്‍ഥികള്‍ ഉക്രൈനിലെ വിവിധ യൂനിവേഴ്‌സിറ്റികളില്‍ പഠിച്ചിരുന്നു. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റേണ്ടത് അനിവാര്യമാണ്. പഠനം മുടങ്ങിയവര്‍ക്ക് റഷ്യന്‍ യൂനിവേഴ്‌സിറ്റിയില്‍ പ്രവേശനം നല്‍കുമെന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. എങ്കില്‍ കൂടി അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സമഗ്ര രൂപരേഖ സമര്‍പ്പിക്കുന്നത്. ജൂണ്‍ 16, 17, 18 തീയതികളില്‍ തിരുവനന്തപുരത്താണ് ലോക കേരള സഭ ചേരുന്നത്.
ഫൈനാന്‍ഷ്യല്‍ അനലിസ്റ്റ് ആയ ഇബ്രാഹിം സുബ്ഹാന്‍ മോട്ടിവേഷണല്‍ സ്പീക്കര്‍, പ്രൊഫഷണല്‍ ട്രൈനര്‍ എന്നീ നിലകളില്‍ ജിസിസി രാജ്യങ്ങളിലും ഇന്ത്യയിലും നിരവധി വേദികളില്‍ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. പുനരുപയോഗ ഊര്‍ജം, ക്ലീന്‍ എനര്‍ജി എന്നിവയുടെ ഉപദേഷ്ടാവും സേവനം അനുഷ്ടിക്കുന്നു. അന്താരാഷ്ട്ര പ്രസംഗ മത്സരത്തില്‍ 2019ലെ ഡിവിഷന്‍ എന്‍ ചാമ്പ്യനാണ്. കിംഗ് ഫൈസല്‍ യൂനിവേഴ്‌സിറ്റി ബെസ്റ്റ് ടോസ്റ്റ് മാസ്റ്ററായി 2017ല്‍ തെരഞ്ഞെടുത്തിരുന്നു. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ സംഭാവനകള്‍ക്ക് നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
ഡിപ്‌ളോമാറ്റിക് ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ക്ലബ് പ്രസിഡന്റ്, ഡി79 പ്രോഗ്രാം ക്വാളിറ്റ റെകഗ്‌നിഷന്‍ മാനേജര്‍, റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍, ഇന്ത്യന്‍ ഫോറം, ഇന്ത്യാ ബിസിനസ് ഫോറം തുടങ്ങി നിരവധി കൂട്ടായ്മകളുടെ സ്ഥാപകനും വിവിധ പദവികള്‍ വഹിക്കുകയും ചെയ്തിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.