
റിയാദ്: രാജ്യത്ത് ഭക്ഷ്യ ലഭ്യതയിലും വിതരണത്തിലും കുറവു വന്നിട്ടില്ലെന്ന് പരിസ്ഥിതി, ജലം, കൃഷി വകുപ്പ് മന്ത്രാലയം അറിയിച്ചു. എല്ലാ ഭക്ഷ്യപദാര്‍ത്ഥങ്ങളും ആവശ്യത്തിന് സ്‌റ്റോക്കുണ്ട്. പഴം, പച്ചക്കറി എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രതിദിനം 15 മില്യണ്‍ മുട്ടകളും 7.5 മില്ല്യണ്‍ ലിറ്റര്‍ പാലും രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 330 കോടി ടണ്ണിലധികം ഗോതമ്പ് ശേഖരമുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, രണ്ടു ദിവസത്തിനിടെ 200 കോടി റിയാലിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ക്ലിയറന്‍സ് നല്‍കിയതായി സൗദി കസ്റ്റംസ്. രാജ്യത്തെ പോര്‍ട്ടുകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ മുഴുവന്‍ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചാണ് തുറമുഖങ്ങളുടെ പ്രവര്‍ത്തനമെന്ന് ജനറല്‍ പോര്‍ട് അതോറിറ്റിയും സൗദി കസ്റ്റംസും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. രണ്ടു ദിവസത്തിനിടെ 7,700 കണ്ടെയ്‌നറുകള്‍ പരിശോധന പൂര്‍ത്തിയാക്കി ഇറക്കുമതിക്കാര്‍ക്ക് കൈമാറി. രാജ്യത്തെ വിവിധ നഗരങ്ങളില്‍ ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ ഉറപ്പു വരുത്തുന്നതിനാണ് പോര്‍ട്ടുകളിലെത്തിയ ഉല്‍പ്പന്നങ്ങള്‍ ദ്രുതഗതിയില്‍ പരിശോധന പൂര്‍ത്തിയാക്കി വിട്ടുനല്‍കിയത്. തുറമുഖവും കസ്റ്റംസ് പരിശോധനാ സംവിധാനങ്ങളും അണുവിമുക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.