കോഴിക്കോട്: മുസ്‌ലിം ലീഗിനെ ശക്തിപ്പെടുത്താന്‍ അഹോരാത്രം യത്‌നിച്ച ഇ. സാദിക്കലി നിസ്വാര്‍ത്ഥനായ സേവകനായിരുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സി ഹാഷിം എഞ്ചിനീയര്‍ സ്മാരക പുരസ്‌കാരം ഇ സാദിക്കലിക്ക് മരണാനന്തര ബഹുമതിയായി സമ്മാനിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍.
സാദിക്കലിയുടെ കുടുംബം ആദരം ഏറ്റുവാങ്ങി. തിരൂരിലെ തറവാട് വീട്ടിലെത്തിയാണ് പുരസ്‌കാരം സമ്മാനിച്ചത്. അഷ്‌റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. പാര്‍ട്ടിയെയും ചരിത്രത്തെയും തൂലികയിലൂടെ മനോഹരമായി വരച്ചുകാട്ടിയ സാദിക്കലി എഴുത്തുകാര്‍ക്കിടയിലെയും വേറിട്ട വിശേഷണങ്ങള്‍ക്ക് ഉടമയായിരുന്നുവെന്ന് തങ്ങള്‍ പറഞ്ഞു. വിടപറഞ്ഞുവെങ്കിലും സാദിക്കലിയെ ഓര്‍ത്തെടുത്ത് പുരസ്‌കാരം കുടുംബത്തിന് നല്‍കാന്‍ സമ്പദ്ധരായ സൗദി കെഎംസിസിയെ തങ്ങള്‍ അഭിനന്ദിച്ചു.
പരന്ന വായനയും രചനയും കൈമുതലാക്കി സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ്സില്‍ ഇടം ടേിയ ചിന്തകനാണ് സാദിക്കലി. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ തൂലിക പടവാളായി. ചരിത്ര ദൗത്യങ്ങളില്‍ നിറഞ്ഞ പുഞ്ചിരിയുമായി സാദിക്കലി പാര്‍ട്ടിക്കൊപ്പം മുന്നിലുണ്ടായിരുന്നു. എല്ലാവരെയും പെട്ടെന്ന് ആകര്‍ഷിക്കുന്ന സൗമ്യതയും വിനയവും നിറഞ്ഞൊഴുകിയ അപൂര്‍വ വ്യക്തിത്വത്തിന് ഉടമയുമായിരുന്നു. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം പാര്‍ട്ടിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും തീരാ നഷ്ടമാണെന്നും തങ്ങള്‍ പറഞ്ഞു.
മുസ്ലിം യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി പി അഷ്‌റഫലി കെഎംസിസി നേതാക്കളായ ഖാദര്‍ ചെങ്കള, അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, പ്രാദേശിക ലീഗ്, യൂത്ത്‌ലീഗ് നേതാക്കള്‍ എന്നിവരും പ്രസംഗിച്ചു. ബഷീര്‍ മൂന്നിയൂര്‍ സ്വാഗതവും റഫീഖ് പാറക്കല്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
