Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

വിമാന ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; റിയാദില്‍ നിന്നു കേരളത്തിലേക്ക് ഒരു സര്‍വ്വീസ് മാത്രം

നസ്‌റുദ്ദീന്‍ വി ജെ

റിയാദ്: ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രവാസികളെ മടക്കികൊണ്ടുപോകുന്നതിനുളള വിമാന സര്‍വീസുകള്‍ സംബന്ധിച്ച് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഒന്നാം ഘട്ടത്തില്‍ ഏഴു ദിവസങ്ങളിലായി 64 സര്‍വീസുകള്‍ നടത്തും. ഇതുവഴി 12 രാജ്യങ്ങളില്‍ നിന്നായി 14,800 പേരെ ഇന്ത്യയിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിവിധ രാജ്യങ്ങളില്‍ നിന്നായി കേരളത്തിലേക്ക് 15 സര്‍വീസുകള്‍ നടത്തും. സൗദിയില്‍ നിന്നു ഇന്ത്യയിലേക്കു അഞ്ച് സര്‍വീസുകളാണ് ഉണ്ടാവുക. ഇതില്‍ മൂന്നെണ്ണം കേരളത്തിലേക്കാണ്. റിയാദില്‍ നിന്ന് കോഴിക്കോട് സെക്ടറില്‍ മാത്രമാണ് സര്‍വീസ് ഉണ്ടാവുക. ഇതിനു പുറമെ ദമ്മാം-കൊച്ചി, ജിദ്ദ-കൊച്ചി എന്നിങ്ങനെയാണ് കേരളത്തിലേക്കുളള മറ്റു സര്‍വീസുകള്‍. മൂന്ന് സെക്ടറുകളിലായി ഏകദേശം 600 യാത്രക്കാര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ അവസരം ലഭിക്കുക. യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്, ഒമാന്‍, മലേഷ്യ, സിംഗപ്പൂര്‍, യു.കെ, ബംഗ്‌ളാദേശ്, ഫിലിപ്പൈന്‍സ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസ്. കേരളത്തിലേക്ക് 15 സര്‍വീസുകളാണ് ആസൂത്രണം ചെയ്തിട്ടുളളത്. യു.എ.ഇയിലെ അബുദബി, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്കു മൂന്ന് സര്‍വീസുകളും ഉണ്ടാകും.

12 രാജ്യങ്ങളില്‍ നിന്നായി ഏറ്റവും കൂടുതല്‍ സര്‍വ്വീസ് കേരളത്തിലേക്കാണ്. പതിനഞ്ച് സര്‍വീസുകളാണ് സംസ്ഥാനത്തെ മൂന്ന് എയര്‍പോര്‍ട്ടുകളിലേക്ക് നടത്തുന്നത്. തമിഴ്‌നാട് (11), മഹാരാഷ്ട്ര (7), ദല്‍ഹി (11), തെലുങ്കാന (7), ഗുജറാത് (5), പഞ്ചാബ് (1), ജമ്മു കാശ്മീര്‍ (3), കര്‍ണാടക (3), ഉത്തര്‍പ്രദേശ് (1) എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുളള സര്‍വീസുകളുടെ എണ്ണം.

രണ്ടു ലക്ഷം പ്രവാസികളെ ഇന്ത്യയിലെത്തിക്കുമെന്നാണ് കേരളത്തിലെ മന്ത്രിമാര്‍ ഉള്‍പ്പെടെയുളളവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ച ഷെഡ്യൂളിലെ യാത്രക്കാരുടെ എണ്ണം അനുസരിച്ചാണെങ്കില്‍ ഇത്രയും യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാന്‍ നാലുമാസത്തിലധികം സമയം വേണ്ടിവരും. അതുകൊണ്ടുതന്നെ ലോക്ഡൗണില്‍ ഇളവു വരുത്തുന്നതോടെ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടെയുളള ഇന്ത്യയുടെ മുഴുവന്‍ ശേഷിയും പ്രയോജനപ്പെടുത്തി കുടുങ്ങിക്കിടക്കുന്നവരെ മടക്കി കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അതുകൊണ്ടുതന്നെ സമുദ്രമാര്‍ഗം ഗള്‍ഫില്‍ നിന്നു കൂടുതല്‍ ആളുകളെ ഒഴിപ്പിക്കുന്നതിനുളള വിശദാംശങ്ങള്‍ വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top