നൗഫല്‍ പാലക്കാടന്‍

റിയാദ്: യു എ ഇ പ്രഖ്യാപിച്ച അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിച്ചു തുടങ്ങി. സൗദി പ്രവാസികള്‍ക്കും യു എ ഇ യുടെ ദീര്‍ഘകാല വിസക്ക് അപേക്ഷിക്കാം. ഓണ്‍ലൈനില്‍ അപേക്ഷിച്ച സൗദിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ചെറുവാടി സ്വദേശി ഷകീല്‍ ബാബുവിന് മണിക്കൂറുകള്‍ക്കകം വിസ ലഭിച്ചു. ഏത് രാജ്യക്കാര്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക് അപേക്ഷ നല്‍കാമെന്ന ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ അറിയിപ്പ് വന്നതോടെയാണ് ഷകീല്‍ വിസക്ക് അപേക്ഷ നല്‍കിയത്. ഓണ്‍ലൈനില്‍ അപേക്ഷിച്ച് 72 മണിക്കൂറിനകം വിസ ലഭിച്ചതായി ഷകീല്‍ പറയുന്നു. ആറ് മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, യൂ എ ഇ സര്‍ക്കാര്‍ അംഗീകാരമുള്ള ഇന്‍ഷുറന്‍സ്, ചുരുങ്ങിയത് ആറുമാസം കാലാവധിയുള്ള പാസ്സ്‌പോര്‍ട്ട് കോപ്പി, ഫോട്ടോ എന്നിവയാണ് ് ഓണ്‍ലൈന്‍ അപേക്ഷക്കൊപ്പം സമര്‍പ്പിക്കേണ്ടത്. 4000 ഡോളറോ അതിന് തുല്യമായ വിദേശ കറന്‍സിയോ ബാങ്ക് ബാലന്‍സ് വേണം. അപേക്ഷ നല്‍കിയതില്‍ പിഴവില്ലെങ്കില്‍ വിസ ഫീസ് അടക്കാനുള്ള പേജ് തുറക്കും. വിസ ഫീസും ഇലക്ട്രോണിക് സേവന ഫീസും ഉള്‍പ്പടെ 660 ദിര്‍ഹമാണ് അടക്കേണ്ടത്. അപേക്ഷയില്‍ പിഴവുകള്‍ കണ്ടെത്തിയാല്‍ തിരുത്താന്‍ ആവശ്യപ്പെട്ട് റെജിസ്റ്റര്‍ ചെയ്ത ഐഡിയില്‍ ഇമെയില്‍ സന്ദേശം ലഭിക്കും. പിഴവുകള്‍ തിരുത്തി വീണ്ടും അപേക്ഷ സമര്‍പ്പിക്കാം.

സൗദി അറേബ്യയിലുള്ള വിദേശികള്‍ക്ക് ഇഖാമയില്‍ ഉയര്‍ന്ന തസ്തികയാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കില്‍ നേരത്തെ ഓണ്‍ അറൈവല്‍ വിസ ലഭിച്ചിരുന്നു. എന്നാല്‍ ഈ സേവനം യു എ ഇ നിര്‍ത്തലാക്കി. ഇതോടെ യു എ ഇ യിലേക്ക് പ്രവേശിക്കുന്നത് മുന്‍കൂട്ടി സന്ദര്‍ശക വിസ നേടണം. ഇതിനായി ഒന്നോ രണ്ടോ ദിവസം കാത്ത് നില്‍ക്കണം. അല്ലെങ്കില്‍ പാസ്‌പ്പോര്‍ട്ടില്‍ അമേരിക്കന്‍ വിസ സ്റ്റാമ്പ് ചെയ്തിരിക്കണം. അഞ്ചു വര്‍ഷത്തെ പുതിയ വിസ നേടുന്നതോടെ ഏത് സമയത്തും യു എ ഇ യിലെ എമിറേറ്റുകളില്‍ പ്രവേശിക്കാനും സ്‌പോണ്‍സറില്ലാതെ സ്വന്തം ഉത്തരവാദിത്വത്തില്‍ തന്നെ താമസിക്കാനും സാധിക്കും. ഓരോ സന്ദര്‍ശനത്തിലും 90 ദിവസം വരെ രാജ്യത്ത് കഴിയാം. 90 ദിവസത്തേക്ക് ദീര്‍ഘിപ്പിക്കുകയും ചെയ്യാം. സുപ്രധാന എക്‌സിബിഷനുകളും ബിസ്സിനസ് മീറ്റുകളും നടക്കുന്ന ദുബായിലേക്ക് അതിവേഗം പറന്നെത്താന്‍ പുതിയ വിസ സഹായകമാകും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.