നൗഫല്‍ പാലക്കാടന്‍
റിയാദ്: പെണ്‍കരുത്തിന്റെ ചിറകില്‍ സൗദിയിലെ പ്രഥമ വാണിജ്യ വിമാനം വിജയകരമായി സര്‍വീസ് പൂര്‍ത്തിയാക്കി. റിയാദില്‍ നിന്ന് ഏഴ് പേരടങ്ങുന്ന വനിതകളാണ് പെണ്‍കരുത്തിന്റെ കരുതലായി ചരിത്രത്തില്‍ ഇടം നേടിയത്. ദേശീയ വിമാന കമ്പനിയായ സൗദിയയുടെ ബഡ്ജറ്റ് എയര്‍ ഫ്‌ളൈ അദീല്‍ ആണ് ജിദ്ദയിലേക്ക് സര്‍വീസ് നടത്തിയത്.
സ്വദേശി യുവതി 21 വയസ്സുളള യാര ജാനായിരുന്നു സഹ പൈലറ്റ്. ഫ്‌ളൈ അദീലിന്റെ എ 320 എയര്‍ ക്രാഫ്റ്റാണ് വനിതാ ക്രൂ പറത്തിയത്. പുരുഷന്‍മാര്‍ ആധിപത്യം പുലര്‍ത്തിയിരുന്ന വ്യോമയാനം ഉള്‍പ്പെടെയുളള മേഖലകളിലേക്ക് സധൈര്യം കടന്ന് വരാന്‍ കഴിയുമെന്ന് സൗദി വനിതകള്‍ തെളിയിച്ചു. ചരിത്രപരമായ ദൗത്യത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ടെന്ന് സൗദി സഹ പൈലറ്റ് യാര പറഞ്ഞു. ഒരു സൗദി വനിത എന്ന നിലയില്‍ അഭിമാനകരമായ ചുവടുവയ്പ്പിലൂടെ എന്റെ രാജ്യത്തെ നയിക്കാന്‍ ശ്രമിക്കുകയാണ് എന്നതില്‍ സന്തോഷമുണ്ട്.
യു.എസിലെ ഫ്‌ലോറിഡയിലെ ഫ്‌ലൈറ്റ് സ്‌കൂളില്‍ നിന്ന് 2019 ല്‍ ബിരുദം നേടിയ ജാന്‍ ഒരു വര്‍ഷം മുമ്പാണ് സൗദിയിലെ വിമാന കമ്പനിയില്‍ ചേര്‍ന്നത്. മികച്ച നേട്ടം നേടുന്നതിന് രാജ്യവും ഭരണാധികാരികളും തന്ന പിന്തുണ അവിസ്മരണീയമാണെന്ന് ജാന്‍ കൂട്ടി ചേര്‍ത്തു. സൗദിയില്‍ കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സോടെ പറന്ന ആദ്യ വനിതാ പൈലറ്റ് ഹനാദി സക്കറിയ അല്‍ ഹിന്ദിയാണ്. ഇന്ന് ഹാനദിയുടെ പിന്മുറക്കാരായി സൗദിയില്‍ വനിതാ പൈലറ്റുമാരായി നിരവധി പേരുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.