
റിയാദ്: സൗദിയില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം. വാക്‌സിന്‍ ലഭ്യമായാല്‍ ആദ്യം ലഭ്യമാക്കുന്ന രാജ്യങ്ങളില്‍ സൗദി അറേബ്യയും ഉള്‍പ്പെടുമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍ അസീരി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും സുപ്രധാനമാണ്. ഇതിന് പ്രഥമ പരിഗണനയാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിന് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യും.

കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ പേരില്‍ പൊതുജനങ്ങള്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടാവില്ല. പണം ഇല്ലാത്തതിന്റെ പേരില്‍ വാക്‌സിന്‍ ലഭിക്കാതെ വരുന്ന സാഹചര്യം രാജ്യത്ത് ഉണ്ടാവില്ലെന്നും അല്‍ അസീരി വ്യക്തമാക്കി. അടുത്ത വര്‍ഷം അവസാനത്തോടെ രാജ്യത്തെ 70 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.