
റിയാദ്: നിശ്ചിത പരിധിയില്‍ കൂടുതല്‍ ചരക്ക് കയറ്റുന്ന ട്രക്കുകള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. ഇതുസംബന്ധിച്ച് ഗതാഗത നിയമാവലി ഭേദഗതി വരുത്തി ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ഉത്തരവിട്ടു. ഇതു പ്രകാരം സൗദി സ്റ്റാന്റേര്‍ഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ അനുവദിച്ച ഭാരവും അളവുകളും ചരക്ക് വാഹനങ്ങള്‍ പാലിക്കണം.

വാഹനങ്ങളില്‍ അധികം കയറ്റുന്ന രണ്ട് ടണ്‍ വരെയുളള ചരക്കുകള്‍ക്ക് ക്വിന്റലിന് 200 റിയാല്‍ വീതം പിഴ ചുമത്തും. രണ്ട് ടണ്‍ മുതല്‍ അഞ്ച് ടണ്‍ വരെ അധിക ചരക്കുകള്‍ക്ക് ക്വിന്റലിന് 300 റിയാലാണ് പിഴ. ഭാരത്തിന്റെ തോത് വര്‍ധിക്കുന്നതനുസരിച്ച് ക്വിന്റലിന് പിഴ സംഖ്യ 500, 800 എന്നിങ്ങനെ ക്വിന്റലിന് പിഴ ചുമത്തും.

50 – 100 കിലോഗ്രാം വരെ അധികം ചരക്ക് കയറ്റുന്ന വാഹനങ്ങള്‍ക്ക് 100 കിലോഗ്രാമിനുള്ള പിഴ ചുമത്തും. 50 കിലോയില്‍ കുറവ് അധിക ഭാരം വഹിക്കുന്ന വാഹനങ്ങള്‍ക്ക് പിഴയില്ല. നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന ചരക്ക് ലോറികള്‍ക്ക് പരമാവധി ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. ചരക്ക് വാഹനങ്ങളുടെ ഭാരവും അളവുകളും പരിശോധിക്കുന്ന വെയ്ബ്രിഡ്ജുകള്‍ മറികടക്കുന്ന ലോറികള്‍ക്ക് 5,000 റിയാല്‍ പിഴ ചുമത്തും. പരിധിയില്‍ കൂടുതലുള്ള ഭാരം 2,500 കിലോഗ്രാമില്‍ കൂടിയാല്‍ യാത്ര തടയുകയും പിഴ ചുമത്തുകയും ചെയ്യും.





