
റിയാദ്: സൗദി അറേബ്യയില്‍ ആസ്ട്രാ സെനെക്ക-ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ നിര്‍ത്തിവെച്ചതായി പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ മന്ത്രാലയം. ആസ്ട്രാ സെനെക്ക കൊവിഡ് വാക്‌സിന്‍ വിതരണം 48 മണിക്കൂര്‍ നിര്‍ത്തിവെച്ചതായി വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതു സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.

രാജ്യത്തു ഉപയോഗിക്കുന്ന വാക്‌സിനുകള്‍ സുരക്ഷിതമാണന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഫൈസര്‍ബയോടെകിന്റെ വാക്‌സിന്‍ ഉപയോഗിക്കുന്നതിനും ഫെബ്രുവരിയില്‍ അസ്ട്രസെനെക്ക ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനും സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അംഗീകാരം നല്‍കി.
ഇതുവരെ 24 ലക്ഷത്തിലധികം ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചു. വാക്‌സിന്‍ സ്വീകരിക്കാന്‍ കൂടുതല്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുളള വാര്‍ത്തകള്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.