
റിയാദ്: സൗദി അറേബ്യയിലെ ഗ്രോസറി (ബഖാല) ഷോപ്പ് ഉടമകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു. സ്മാള്‍ ആന്റ് മീഡിയം എന്റര്‍പ്രണേഴ്‌സ് അതോറിറ്റി വിവിധ ഏജന്‍സികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിദേശ തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ ബിനാമി സംരംഭം നടത്തുന്നത് ഗ്രോസറി ഷോപ്പ് മേഖലയിലാണ്. ഇതു അവസാനിപ്പിക്കാന്‍ സ്വദേശികളെ സഹായിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സ്മാള്‍ ആന്റ് മീഡിയം എന്റര്‍പ്രണേഴ്‌സ് അതോറിറ്റി വ്യക്തമാക്കി.
പത്തു വര്‍ഷത്തിനകം ചില്ലറ വിത്പ്പന രംഗത്ത് വര്‍ഷം 1300 ബില്യണ്‍ റിയാലിന്റെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര ഉത്പ്പാദനത്തില്‍ നിലവില്‍ 9 ശതമാനമുളള ചില്ലറ വിത്പ്പനയുടെ സംഭാവന 2030 ആകുന്നതോടെ 17 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. മാത്രമല്ല സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താനും പദ്ധതി സഹായിക്കും. വര്‍ഷം 40,000 തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ ഗ്രോസറി ഷോപ്പുകള്‍ വിദേശികളുടെ കുത്തകയാണ്. ഇവിടങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വദേശികളാണ് ജോലി ചെയ്യുന്നത്. 2014ല്‍ സ്വദേശിവത്ക്കരണം പ്രഖ്യാപിച്ചെങ്കിലും ബഖാലകള്‍ എന്നറിയപ്പെടുന്ന ഗ്രോസറി ഷോപ്പുകളില്‍ ജോലി ചെയ്യുന്നവരിലേറെയും വിദേശികളാണ്. ഈ സാഹചര്യത്തിലാണ് പുതി പദ്ധതി നടപ്പിലാക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.