
റിയാദ്: യമനില്‍ നിന്നു ഹൂതികള്‍ സൗദിയിലേക്ക് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ലക്ഷ്യം കാണുന്നതിന് മുമ്പ് തകര്‍ന്നതായി സഖ്യസേന. ഇന്ന് പുലര്‍ച്ചെ സന്‍അ ഗവര്‍ണറേറ്റില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്.
ബാലിസ്റ്റിക് മിസൈല്‍ 159 കിലോമീറ്റര്‍ സഞ്ചരിച്ചതിന് ശേഷമാണ് തകര്‍ന്ന് വീണത്. യമനിലെ സദ്ഹയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

നിരപരാധികളായ സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന ബാലിസ്റ്റിക് മിസൈലിന്റെ ഉപയോഗം അന്താരാഷ്ട്ര മാനവിക നിയമങ്ങള്‍ക്കെതിരാണ്. ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ ജനവാസ കേന്ദ്രങ്ങള്‍ അക്രമിക്കുന്നത് തുടരുകയാണെന്നും തുര്‍ക്കി അല്‍ മാലിക്കി കുറ്റപ്പെടുത്തി.
ഏതാനും ആഴ്ചകളായി സൗദിയുടെ അതിര്‍ത്തി നഗരങ്ങളിലേക്ക് ഹൂതികള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് അക്രമത്തിന് ശ്രമിച്ചിരുന്നു. നജ്‌റാന്‍, ജസാന്‍ എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഡ്രോണ്‍ വ്യോമ പ്രതിരോധ സേന ആകാശത്ത് തകര്‍ത്തിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
