
റിയാദ്: സൗദി അറേബ്യയിലെ മലയാളി പ്രവാസി സമൂഹത്തിന്റെ സാംസ്‌കാരിക, കാരുണ്യ മേഖലകളില്‍ മൂന്ന് പതിറ്റാണ്ടു സജീവ സാന്നിധ്യമായിരുന്ന നിസാര്‍ കാട്ടില്‍ മടങ്ങുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അദ്ദേഹത്തിന് ഐ.സി.എഫ് സൗദി നാഷണല്‍ കമ്മിറ്റി പ്രൗഢമായ യാത്രയയപ്പ് നല്‍കി.

ആധുനിക സാങ്കേതിക വിദ്യകളോ യാത്രാസൗകര്യങ്ങളോ ഇല്ലാതിരുന്ന മൂന്ന് പതിറ്റാണ്ട് മുമ്പുള്ള പ്രതികൂല സാഹചര്യത്തിലാണ് നിസാര്‍ കാട്ടില്‍ സൗദിയില്‍ എത്തുന്നത്. അന്നത്തെ എസ്.വൈ.എസ് പ്രസ്ഥാനത്തിന് സൗദിയില്‍ അടിത്തറ പാകുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. വിവിധ പ്രവിശ്യകളില്‍ സഞ്ചരിച്ച് സെന്‍ട്രല്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. പിന്നീട് അവയെ കൂട്ടിയിണക്കി ഇന്നത്തെ ‘സൗദി നാഷണല്‍ കമ്മിറ്റി’ കെട്ടിപ്പടുക്കുകയും ചെയ്തതിന്റെ പിന്നില്‍ ഇദ്ദേഹത്തിന്റെ കഠിനാധ്വാനമുണ്ട്.

സാമൂഹിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ജീവകാരുണ്യ രംഗത്തും സമാനതകളില്ലാത്ത നേതൃത്വമാണ് അദ്ദേഹം കാഴ്ചവെച്ചത്. കോവിഡ് മഹാമാരിയുടെ കാലത്ത് ഐ.സി.എഫ് സൗദി നാഷണല്‍ കമ്മിറ്റിയുടെ കീഴില്‍ ദമ്മാം, റിയാദ്, ജിദ്ദ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് പ്രത്യേക ഫ്‌ളൈറ്റുകള്‍ ചാര്‍ട്ടര്‍ ചെയ്ത് നൂറുകണക്കിന് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് നിസാര്‍ സാഹിബായിരുന്നു. ലോക്ക്ഡൗണില്‍ ദുരിതത്തിലായ പ്രവാസികള്‍ക്കും നാട്ടില്‍ തിരിച്ചെത്തി ബുദ്ധിമുട്ടിയവര്‍ക്കും ഭക്ഷ്യക്കിറ്റുകള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിക്കാനും അദ്ദേഹം നേതൃത്വം നല്‍കി.
റിയാദില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഐ.സി.എഫ് സൗദി നാഷണല്‍ കമ്മിറ്റി നേതാക്കളും വിവിധ പ്രവിശ്യകളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. നാഷണല്‍ കമ്മിറ്റിയുടെ ഉപഹാരവും ചടങ്ങില്‍ സമ്മാനിച്ചു..
സയ്യിദ് ഹബീബ് അല്‍ ബുഖാരി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. നാഷനല്‍ പ്രസിഡന്റ് അബ്ദുറഷീദ് സഖാഫി മുക്കം, ജനറല്‍ സെക്രട്ടറി സിറാജ് കുറ്റിയാടി, ബഷീര്‍ എറണാകുളം, ബഷീര്‍ ഉള്ളണം, മുജീബ് എ.ആര്‍ നഗര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം തനിക്ക് ഒപ്പം നിന്ന സഹപ്രവര്‍ത്തകര്‍ക്കും പ്രവാസി സമൂഹത്തിനും നിസാര്‍ കാട്ടില്‍ മറുപടി പ്രസംഗത്തില്‍ നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






