
ജുബൈല്‍: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ജുബൈല്‍ റീജിയണല്‍ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐസിഎഫ് നാഷണല്‍ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സൗദിയുടനീളം നടക്കുന്ന ക്യാമ്പുകളുടെ ഭാഗമായാണ് പരിപാടി ഒരുക്കിയത്.

ജുബൈല്‍ ബദര്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിന് അല്‍ മനാ ജനറല്‍ ഹോസ്പിറ്റലാണ് സൗകര്യങ്ങളൊരുക്കിയത്. ഡോക്ടര്‍മാരും ടെക്‌നീഷ്യന്‍മാരും ഉള്‍പ്പെടെയുള്ള വിദഗ്ധ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന ക്യാമ്പില്‍ നിരവധി സന്നദ്ധ പ്രവര്‍ത്തകര്‍ രക്തം ദാനംചെയ്തു.
രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തുന്നതിനും കൂടുതല്‍ പേരെ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ദേശീയ ദിനത്തിന്റെ ഭാഗമായി മാനവികതയും സാമൂഹിക ഉത്തരവാദിത്തവും ഉയര്‍ത്തിപ്പിടിച്ചുള്ള പ്രവര്‍ത്തനം ശ്രദ്ധേയമായി.

ക്യാമ്പിന്റെ വിജയത്തിനായി സഹകരിച്ച ബദര്‍ മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ക്കും രക്തദാനം നല്‍കിയ മുഴുവന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഐസിഎഫ് ഭാരവാഹികള്‍ നന്ദി അറിയിച്ചു. റീജിയണല്‍ ഭാരവാഹികളായ അഷ്‌റഫ് സഖാഫി, റഫീഖ് മരഞ്ചാട്ടി, ഉമര്‍ സഖാഫി മൂര്‍ക്കനാട്, സൈനുദ്ദീന്‍ നഈമി, ഹൈദര്‍ കുറ്റിപ്പുറം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






